കോഴിക്കോട് : ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമവുമായി വിവിധ വകുപ്പുകൾ. മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന ഇതില്‍ നിർണായകമാണ്. വകുപ്പ് അധികൃതർ ചാത്തമംഗലത്തെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും.
പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും വിലയിരുത്തിവരികയാണ്. സാന്നിധ്യം കണ്ടെത്തിയാൽ ഇവ ഏത് വിഭാഗത്തിൽപ്പെടുന്നതാണെന്നും ഇവയുടെ സ്രവ സാമ്പിള്‍ ശേഖരിക്കേണ്ടതുണ്ടോ എന്നതും തീരുമാനിക്കും.
നിപ ട്രൂനാറ്റ് പരിശോധന
അതിനിടെ നിരീക്ഷണത്തിലുള്ളവര്‍ക്കായി മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാൻ കഴിയും.
Also read: നിപ വൈറസ് ബാധ: കേന്ദ്ര സംഘം കോഴിക്കോട് എത്തി
അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളിൽ ഈ കമ്മറ്റികളിൽ ഉൾപ്പെടുത്തും. ആശങ്കയില്ലെന്ന് ആരോഗ്യമന്ത്രി പറയുമ്പോഴും രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത തുടരുകയാണ്.
രോഗ ഉറവിടം അറിയേണ്ടത് നിർണായകം
മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പകർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ചുപറയാന്‍ അധികൃതർക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്.
ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയത് പത്ത് ദിവസം മുമ്പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകൾക്കകം മരണം സംഭവിച്ചു. അതുകൊണ്ടു തന്നെ വൈറസിന്‍റെ തീവ്രതയും ഉറവിടവും കണ്ടെത്തേണ്ടത് തുടര്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും പ്രധാനമാണ്.
Also read: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി
വവ്വാലുകളില്‍ നിന്നാണോ അതോ മറ്റാരില്‍ നിന്നെങ്കിലും രോഗം പകർന്നതാണോ എന്ന് അറിഞ്ഞാല്‍ മാത്രമേ സമ്പർക്ക പട്ടികയടക്കം കൃത്യമാവുകയുള്ളൂ. വിദ്യാര്‍ഥിയോടൊപ്പം ഒരുമിച്ച് കളിച്ച കുട്ടികളുള്‍പ്പടെ നിരീക്ഷണത്തിലാണ്.
നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍റെ അമ്മയ്ക്ക് നേരിയ പനി അനുഭവപ്പെട്ടതിനാല്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ ഉടന്‍ പരിശോധനയ്ക്ക് അയയ്ക്കും. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ രണ്ട് ആരോഗ്യ പ്രവർത്തകർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.