കോഴിക്കോട്: കൺമുന്നിലെ ദയനീയ കാഴ്‌ചകൾക്ക് നേരെ കണ്ണടക്കുന്നവർക്ക് മാതൃകയായി 'സ്നേഹവീട്'. ചെറൂപ്പ കുന്നതടായിലാണ് നന്മയുടെ പ്രതീകമായ ഈ കൊച്ചുവീട് തെളിഞ്ഞു നിൽക്കുന്നത്. ആരോരുമില്ലാത്ത മനുഷയാണ് ഇനി ഈ വീടിന്‍റെ ഉടമസ്ഥ. സിനിമ സംവിധായകൻ ജിബു ജേക്കബിന്‍റെ സഹോദരൻ ജിജു ജേക്കബാണ് സ്ഥലം വാങ്ങി മനുഷയ്‌ക്ക് വീട് നിർമിച്ച് നൽകിയത്.
ഷെഡ് കെട്ടിയായിരുന്നു മനുഷയും കുടുംബവും താമസിച്ചിരുന്നത്. പ്രളയകാലത്ത് കാറ്റിലും മഴയിലും ഷെഡ് നിലംപൊത്തിയതോടെ ദുരിതാശ്വാസ ക്യാമ്പിലെത്തി. അവിടെ വെച്ച് രക്തം ഛർദിച്ച് അച്ഛന്‍ മരിച്ചു. നേരത്തെ അമ്മയെയും നഷ്ടപ്പെട്ട മനുഷയെ ഇതോടെ ഒരു സഹോദരനൊപ്പം കണ്ണിപറമ്പിലെ പകൽ വീട്ടിലേക്ക് മാറ്റി. എന്നാൽ ഇന്ന് മനുഷക്ക് നല്ലൊരു വീട് ലഭിച്ചു.
മൂന്നര സെന്‍റിൽ നിർമിച്ച വീട്ടിൽ മൂന്ന് കിടപ്പുമുറികളും പഠനമുറിയും ഒക്കെയുണ്ട്. വീട് വാഗ്‌ദാനം ചെയ്‌ത ജിജു ജേക്കബിന്‍റെ നേതൃത്വത്തിൽ തന്നെ താക്കോലും ആധാരവും കൈമാറി. പിന്തുണച്ചവർക്കെല്ലാം മനുഷയും സഹോദരൻ ശ്രീനിവാസനും ഒരായിരം നന്ദി പറഞ്ഞു. ഇനി മഴയും കാറ്റും എത്തിയാലും ഇവർക്കൊപ്പം നാടും സ്‌നേഹവീടും ഉണ്ടാകും.