കോഴിക്കോട് : ട്രെയിനിൽ 'യാത്ര' ചെയ്‌ത് പാമ്പും. തിരുവനന്തപുരം - നിസാമുദ്ദീൻ എക്‌സ്‌പ്രസിലാണ് സംഭവം. എസ്5 ബോഗിയിൽ തിരൂരിൽ വച്ചാണ് രാത്രി ഒമ്പതരയോടെ യാത്രക്കാർ പാമ്പിനെ കണ്ടത്. അപ്രതീക്ഷിത അതിഥിയെ കണ്ട് പരിഭ്രാന്തിയിലായ യാത്രക്കാര്‍ ടി.ടി.ഇയെ വിവരം അറിയിച്ചു.
അടുത്ത സ്റ്റേഷനായ കോഴിക്കോട് എത്തിയാൽ ആർ.പി.എഫ് പരിശോധിക്കുമെന്ന് ടി.ടി.ഇ അറിയിച്ചു. കോഴിക്കോടെത്തി ബോഗിയിലെ യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുമ്പോഴേക്കും പാമ്പ് 'യാത്രയായിരുന്നു'.
കോഴിക്കോടേക്ക് എത്തുന്നതിന് മുമ്പ് തുരത്തുന്നതിനിടെ പാമ്പിന് യാത്രക്കാരുടെ മർദനമേറ്റിരുന്നു. ഇതോടെ രക്ഷപ്പെടാനും ഉൾവലിഞ്ഞ് എവിടെയോ ചുരുണ്ടു കിടക്കാനുമാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
രാത്രി 10.20ന് കോഴിക്കോട് നിന്ന് പുറപ്പടേണ്ടിയിരുന്ന ട്രെയിൻ, പാമ്പിനെ തിരഞ്ഞ് രണ്ട് മണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്. കിടന്നുറങ്ങാൻ സീറ്റ് ബുക്കുചെയ്‌തവര്‍ക്ക് ഉറക്കവും നഷ്ടമായി.