കോഴിക്കോട്: ക്വാറന്‍റൈനില്‍ കഴിയുന്നതിനിടെ ആംബുലൻസില്‍ കടക്കാൻ ശ്രമിച്ചവർ പൊലീസ് പിടിയിലായി. രോഗികളാണെന്ന വ്യാജേന ആംബുലൻസില്‍ കാസർക്കോട്ടേക്ക് കടക്കാൻ ശ്രമിച്ച ആറ് പേരാണ് പൊലീസ് പിടിയിലായത്. പുലർച്ചെ രണ്ട് മണിയോടെ വടകര റൂറല്‍ അതിർത്തിയായ കൊയിലാണ്ടി ഹൈവെയിലെ പാലോറമലയിലാണ് ആംബുലൻസും യാത്രക്കാരെയും നാദാപുരം സബ് ഡിവിഷണല്‍ എഎസ്‌പി അങ്കിത്ത് അശോകും സംഘവും ചേർന്ന് പിടികൂടിയത്. 2000,3000 രൂപ വരെ വാങ്ങിയാണ് യാത്രക്കാരെ ഇത്തരത്തില്‍ കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ കോഴിക്കോട് അശോകപുരം റോഡിലെ ലക്ഷദീപം റസ്റ്റ് ഹൗസിലെ താല്‍ക്കാലിക കോവിഡ് ഷെല്‍ട്ടറിലേക്ക് മാറ്റി.
സംശയാസ്‌പദമായ സാഹചര്യത്തില്‍ സൈറണ്‍ മുഴക്കി അതിവേഗതയില്‍ കടന്ന് വരികയായിരുന്ന കെ.എല്‍ 44 ബി 1379 നമ്പര്‍ ആംബുലന്‍സിനെ പൊലീസ് സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. എറണാകുളത്തെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന കാസര്‍ക്കോട് മണിയാപാറ സ്വദേശികളാണ് പിടിയിലായത്. കോഴിക്കോട് ഫറൂക്കില്‍ നിന്ന് റോഡില്‍ കാത്ത് നിന്ന രണ്ട് പേര്‍ ആംബുലന്‍സില്‍ കയറി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിന് കൈമാറിയത്.
ആംബുലന്‍സിന്‍റെ ഉള്‍ഭാഗത്തെ സീറ്റുകള്‍ ട്രാവലറിനുള്ളിലെ പോലെ മാറ്റിയ ശേഷമാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി കാസര്‍ക്കോട്ടേക്കുള്ളവരെ കയറ്റിയത്. ആംബുലന്‍സ് ഡ്രൈവറുടെ കൈവശം എറണാകുളത്തെ ഒരു ആശുപത്രിയിലെ ഒ.പി കുറിപ്പടി മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ യാത്രക്കാർ പരസ്‌പര വിരുദ്ധമായി സംസാരിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. പിടിയിലായ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വാഹനം എലത്തൂർ പൊലീസ് പിടിച്ചെടുത്തു.