കോഴിക്കോട്: മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ പോലും കന്യാസത്രീകൾ അനുഭവിക്കേണ്ടി വരുന്നത് കൊടിയ ലൈംഗീക പീഡനമെന്ന് വ്യക്തമാക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ ചർച്ചയാകുന്നു.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയ കന്യാസ്ത്രീകൾക്ക് എക്യദാർഢ്യം പ്രഖ്യാപിച്ചതിന് സഭയുടെ കണ്ണിലെ കരടായി മാറിയ വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര. ക്രൈസ്തവ സഭകളുടെ മേൽനോട്ടത്തിലുള്ള കന്യാസ്ത്രീ മഠങ്ങളിൽ കന്യാസ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന തീവ്രമായ മാനസിക, ശാരീരിക പീഡനങ്ങളുടെ യാഥാർഥ ചിത്രമാണ് സിസ്റ്റർ ലൂസി തന്റെ ആത്മകഥയിൽ രചിച്ചതായി അവകാശപ്പെടുന്നത്. ലൗകിക ജീവിതം ഉപേക്ഷിച്ച് സന്യസ്ത കുടുംബത്തിൽ അംഗമായി എത്തുന്ന ഇളം തലമുറയിലുള്ള കന്യാസ്ത്രീകൾ ആദ്യ നാൾ മുതൽ പുരോഹിതരുടെയും മുതിർന്ന കന്യാസത്രീകളുടെയും ലൈംഗീക ചൂഷണത്തിന് ഇരയാകാറുണ്ടെന്ന് കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥയിൽ സിസ്റ്റർ ലൂസി വിവരിക്കുന്നു.
മിണ്ടാവ്രതം അനുഷ്ടിക്കുന്ന നാളുകളിൽ കന്യാസ്ത്രീകൾ ആചാരപ്രകാരം ആരോടും ഒന്നും മിണ്ടാതെ ദൈവ പ്രാർഥനയിൽ മുഴുകുകയാണ് പതിവ്. എന്നാൽ ഈ സമയങ്ങളിൽ പുരോഹിതർ സാഹചര്യം ചൂഷണം ചെയ്ത് പീഡിപ്പിക്കുന്നുണ്ടെന്നും സിസ്റ്റർ ലൂസി പറയുന്നു. "മിണ്ടാവ്രത കാലത്തെ പ്രത്യേക കുമ്പസാരങ്ങളിൽ വൈദികൻ നോവീസിന്റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചത് വേദനയോടെ ഒരു കന്യാസ്ത്രീ എന്നോട് പങ്കുവെച്ചിട്ടുണ്ട് " സിസ്റ്റർ ലൂസി ആധികാരികമായി തന്റെ ആത്മകഥയിൽ പറയുന്നു. ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുത്തേക്ക് തള്ളിവിടുന്ന സമ്പ്രദായമുണ്ടെന്നും അവർ ആരോപിക്കുന്നു. ഇത്തരം ഇളം തലമുറക്കാർക്ക് അനുഭവിക്കേണ്ടി വരുന്നത് അസാധാരണമായ വൈക്യതങ്ങളാണ്. മഠങ്ങളിലെത്തുന്ന കൊച്ചു സഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകളും സ്വവർഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരം പലരിൽ നിന്നായി അറിഞ്ഞിട്ടുണ്ടെന്നും സിസ്റ്റർ ലൂസി തന്റെ ആത്മകഥയിൽ വ്യക്തമാക്കുന്നു. സെമിനാരിയിലെത്തുന്നവർക്കും സമാന അനുഭവം ഉള്ളതായി സിസ്റ്റർ വിവരിക്കുന്നുണ്ട്.