കോഴിക്കോട്: ചില ബോധ്യങ്ങൾ മനുഷ്യൻ്റെ കഴിവുകൾ തുറക്കപ്പെടുന്ന വഴിയാകും എന്നതിൻ്റെ തെളിവാണ് ദേശീയ പാതയ്ക്കരികിൽ ചെങ്ങോട്ട്കാവിൽ തട്ടുകടയിൽ മീൻ പൊരിയ്ക്കുന്ന സിറാജ് എന്ന ചെറുപ്പക്കാരൻ. സ്വന്തം അമ്മാവൻ നാസറിൻ്റെ കടയിൽ സിറാജ് മീൻ പൊരിയ്ക്കൽ തുടങ്ങിയിട്ട് വർഷങ്ങളായി. ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയാൽ പിന്നെ തിരിച്ചെത്താൻ പുലർച്ചെയാകും. പിന്നീട് ഉറങ്ങും. വർഷങ്ങളായി ഇത് പതിവാണ്.
അതിനിടയിലാണ് ആറ് കൊല്ലം മുൻപ് ചിത്രം വരയ്ക്കുന്നതിൽ സിറാജ് ഒരു പരീക്ഷണം നടത്തിയത്. സ്‌കൂൾ കാലത്തൊന്നും ഒരു ചിത്രം പോലും സിറാജ് വരച്ചിട്ടില്ല. പലരും വരയ്ക്കുന്നത് കണ്ടപ്പോൾ തുടങ്ങിയ ഒരു പരീക്ഷണം. സിനിമ താരങ്ങളുടെ ചിത്രം വരച്ചാണ് തുടക്കം. അതിപ്പോൾ വധുവരന്മാരുടെ ചിത്രത്തിലേയ്ക്ക് നീങ്ങിയതോടെ വര ഒരു ചെറിയ വരുമാന മാർഗമായിരുക്കുന്നു.
വലിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത വീട്ടിലെ ഒരു ചെറിയ മുറി സിറാജ് ചിത്രരചനയ്ക്കായി മാറ്റി വെച്ചിരിക്കുന്നു. ഇടവേളകളിലാണ് ചിത്രരചന. പെൻസിലും പേനയിലുമാണ് വരയ്ക്കുന്നത്.
കോഴിക്കോട്ടെ സ്റ്റേജ് കലാകാരനും സിനിമ നടനുമായ നിർമൽ പാലാഴി തട്ടുകടയിൽ വന്ന് പല തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടി കഴിഞ്ഞ് ഏറെ വൈകി കടയിലെത്തുന്ന നിർമലിന് ഒരു ദിവസം സിറാജ് അദ്ദേഹത്തിന്‍റെ ചിത്രം വരച്ച് സമ്മാനമായി നൽകി. നിർമൽ ആ ചിത്രം തൻ്റെ പേജിലൂടെ പ്രദർശിപ്പിക്കുകയും ചെയ്‌തു. ഇത് വലിയ അംഗീകാരമായി കണ്ട സിറാജ് ഹരീഷ് കണാരൻ്റേയും നാദിർഷയുടേയും ചിത്രങ്ങൾ വരച്ച് കാത്തിരിക്കുകയാണ്.
വര പഠിയ്ക്കാൻ താൽപര്യമുള്ളവർക്കായി സിറാജ് ചെങ്ങോട്ട്കാവ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. വരയുടെ ഓരോ വശങ്ങളാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ചിത്രരചനയിലൂടെ അറിയപ്പെടുന്ന ഒരു യൂട്യൂബർ ആകുക എന്നത് തന്നെയാണ് സിറാജിന്‍റെ ലക്ഷ്യം.
Also Read: 69 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക്