കോഴിക്കോട്: ഷിഗല്ല രോഗം പടർന്നുപിടിച്ചത് കുടിവെള്ളത്തിലൂടെ എന്ന് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്‍റെ പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അതേസമയം രോഗം നിയന്ത്രണ വിധേയമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. കോഴിക്കോട് മായനാട് കോട്ടാംപറമ്പിൽ ഷിഗല്ല രോഗം പടര്‍ന്നു പിടിച്ചത് കുടിവെള്ളത്തിലൂടെ ആണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിനും സമര്‍പ്പിച്ചു. ഷിഗെല്ല രോഗം ബാധിച്ചു മരിച്ച പതിനൊന്നുകാരന്‍റെ മരണാനന്തരച്ചടങ്ങില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണു രോഗം പടര്‍ന്നതെന്നാണു കണ്ടെത്തല്‍.
അതേസമയം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തിയെന്ന് കണ്ടെത്താനായിട്ടില്ല. കോട്ടാംപറമ്പില്‍ 11വയസുകാരന്‍ മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെ ആറ് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മരിച്ച കുട്ടിയുടെ സംസ്കാരത്തില്‍ പങ്കെടുത്തവരായിരുന്നു ആറ് പേരും. അതേസമയം ഷിഗെല്ല രോഗം നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ആരോഗ്യ വകുപ്പു ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയായിരുന്നു. കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. ബോധവല്‍ക്കരണത്തിന് പുറമേ പ്രദേശത്തു മെഡിക്കല്‍ ക്യാമ്പുകളും നടത്തുന്നുണ്ട്.