കോഴിക്കോട്: സിപിഐ വനിത നേതാവിൻ്റെ പീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ പാർട്ടി നടപടി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജുവിനെ പാര്‍ട്ടി സസ്പെൻഡ് ചെയ്‌തു. ഒരു വർഷത്തേക്കാണ് നടപടി. ചെറുവണ്ണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാണ് ബിജു.
പഞ്ചായത്ത് ഹാളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കോഴിക്കോട് സ്വദേശി തന്നെയായ വനിത നേതാവ് പരാതി നൽകിയിരുന്നു. പീഡനക്കുറ്റം ചുമത്തി മേപ്പയൂർ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ സിപിഐയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടി അന്വേഷണത്തിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.