കോഴിക്കോട്: ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും പാടത്തെ എള്ള് കൃഷിയില്‍ നൂറ് മേനി വിളഞ്ഞതിന്‍റെ ആഹ്ളാദത്തിലാണ് വെള്ളൂരിലെ കർഷകയായ ശാന്ത. ചെറുപ്പം മുതല്‍ കൃഷിയില്‍ താല്‍പര്യമുള്ള ശാന്ത കഴിഞ്ഞ അഞ്ച് വർഷമായി നെല്ലിനൊപ്പം എള്ളും ചെറുപയറും കൃഷി ചെയ്യുന്നു. സാധാരണയായി എള്ള് കൃഷി ആരംഭിക്കുന്നത് നവംബർ മാസത്തിലാണെങ്കിലും പ്രളയം കാരണം ഒരു മാസത്തോളം വൈകിയാണ് ഇത്തവണ കൃഷിയിറക്കിയത്. വൈകിയെങ്കിലും എള്ള് ചെടികള്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്നെന്നും ഇത്തവണ കൂടുതല്‍ വിള ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശാന്ത പറയുന്നു.
നാദാപുരം മേഖലയില്‍ എള്ള് കൃഷി ചെയ്യാന്‍ സാധാരണയായി കര്‍ഷകര്‍ തയ്യാറാകാറില്ല. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ശാന്ത അഞ്ച് വര്‍ഷം മുൻപ് എള്ള് കൃഷി ആരംഭിച്ചത്. ഇതോടൊപ്പം തന്നെ ചെറുപയര്‍ കൃഷി ചെയ്ത് വിളവെടുത്തു. അരിക്കും പച്ചക്കറിക്കും വേണ്ടി ഈ കർഷകയ്ക്ക് ടൗണിലെ കടകളിലേക്ക് പോകേണ്ടി വരാറില്ല. വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ ചോളം മുതല്‍ പച്ചമുളക് വരെയുളള എല്ലാ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ താല്‍പര്യമുളള ശാന്തക്കൊപ്പം പൂർണ പിന്തുണയുമായി ഭര്‍ത്താവ് കുമാരനും മരുമകള്‍ സുവര്‍ണയും ഒപ്പമുണ്ട്.
തൂണേരി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൃഷി വകുപ്പ് അധികൃതര്‍ ശാന്തയുടെ സഹായം തേടാറുണ്ട്. കൃഷി ചെയ്യാനുളള വിത്തുകളും വളവും കൃഷി ഭവനില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും ശാന്ത പറഞ്ഞു. മഹാമാരി വ്യാപിച്ചുണ്ടായ ഈ ദുരിത കാലത്തെ അതിജീവിക്കാന്‍ നാട്ടുകാരെല്ലാം കൃഷിടത്തിലിറങ്ങണമെന്നാണ് ഈ കർഷകയുടെ അഭിപ്രായം. തൂണേരി പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് താന്‍ കൃഷി ചെയ്ത പച്ചക്കറികളും അരിയും നല്‍കുമെന്നും ശാന്ത പറഞ്ഞു.