കോഴിക്കോട് : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തള്ളി ജില്ല മെഡിക്കല്‍ ബോര്‍ഡ്. മെഡിക്കൽ കോളജിൽ നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയത് എന്നതിന് വ്യക്തമായ തെളിവില്ലെന്നാണ് ബോർഡിന്‍റെ നിലപാട്. എംആർഐ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഒരു തീരുമാനം കൈക്കൊള്ളാൻ പറ്റില്ല എന്ന റേഡിയോളജിസ്റ്റിന്‍റെ തീരുമാനത്തോട് മറ്റ് ഡോക്‌ടർമാർ യോജിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ ഹര്‍ഷിനയുടെ രണ്ടാമത്തെ പ്രസവ ശസ്‌ത്രക്രിയയിൽ കത്രിക കുടുങ്ങിയതാകാം എന്നൊരു വാദവും റേഡിയോളജിസ്റ്റ് മുന്നോട്ട് വച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് അസി. കമ്മിഷണർ കെ സുദർശനും ഗവ. പ്ലീഡർ എം ജയദീപും ഇതിനെ എതിർത്തു. അന്വേഷണ റിപ്പോർട്ട് ജില്ലാതല വിദഗ്‌ധ സമിതി തള്ളിയതോടെ ഹർഷിനയ്‌ക്കോ അന്വേഷണ ഉദ്യോഗസ്ഥനോ സംസ്ഥാന തല അന്വേഷണ സമിതിയെ സമീപിക്കാം.
ആരോഗ്യ വകുപ്പ് ഡയറക്‌ടറാണ് സംസ്ഥാന തല അന്വേഷണ സമിതിയുടെ ചെയർമാൻ. അതേസമയം നീതിയോ അർഹമായ നഷ്‌ടപരിഹാരമോ ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ഹർഷിന അറിയിച്ചു. മെഡിക്കൽ കോളജിന് മുന്നിൽ നടത്തുന്ന സമരം 80-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന മൂന്നാമത്തെ പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ രണ്ട് ഡോക്‌ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണറുടെ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറിയിരുന്നു.
2017 ഫെബ്രുവരിയിൽ കൊല്ലത്ത് വച്ചെടുത്ത എംആർഐ സ്‌കാനിങ്ങിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇത് സ്ഥിരീകരിക്കാൻ റേഡിയോളജിസ്റ്റിന്‍റെ സാന്നിധ്യം നിർബന്ധമാണെന്നിരിക്കെയാണ് എറണാകുളം ഗവൺമെന്‍റ് ആശുപത്രിയിലെ റേഡിയോളജിസ്റ്റിനെ മെഡിക്കൽ ബോർഡില്‍ ഉള്‍പ്പെടുത്തി യോഗം ചേർന്നത്.
2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഹര്‍ഷിനയ്‌ക്ക് ശസ്‌ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വേദന ഭേദമാകാതെ വന്നതോടെ സ്വകാര്യ ആശുപത്രിയിൽ എത്തി സിടി സ്‌കാനിങ് നടത്തി. ഈ സ്‌കാനിങ്ങിലാണ് മൂത്ര സഞ്ചിയിൽ കുത്തി നിന്ന നിലയിൽ കത്രിക കണ്ടെത്തിയത്.
12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രികയാണ് വയറ്റിനുള്ളിൽ കുടുങ്ങിയിരുന്നത്. കത്രിക മൂത്രസഞ്ചിയിൽ കുത്തി നിന്നതോടെ മുഴയും രൂപപ്പെട്ടു. വേദന ഭേദപ്പെടാന്‍ നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട്, മെഡിക്കൽ കോളജിൽ തന്നെ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അടക്കം ഇടപെട്ടെങ്കിലും ഹർഷിനയ്ക്ക് നീതി കിട്ടിയിരുന്നില്ല. തുടർന്നാണ് യുവതി മെഡിക്കൽ കോളജിന് മുന്നിൽ സമരം ആരംഭിച്ചത്. സമരം 80-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഹർഷിനയ്‌ക്ക് ആശ്വാസമായി പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.