കോഴിക്കോട്: വീണ്ടുമൊരു അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നു, എന്നാല്‍ പ്രവേശനോത്സവത്തിന്‍റെ ആഘോഷങ്ങളില്ലാതെ, വിദ്യാലയത്തിന്‍റെ പടവുകള്‍ ആദ്യമായി കയറുന്ന കുരുന്നുകളുടെ പരിഭ്രാന്തി നിറഞ്ഞ മുഖങ്ങളില്ലാതെ, അവധിക്കാലം കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികളുടെ ഒത്തുചേരലുകളില്ലാതെ വെര്‍ച്വല്‍ ലോകത്താണ് ഇത്തവണയും അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
കൊവിഡിനെ തുടര്‍ന്ന് വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് ചുവടുമാറിയതോടെ സ്‌കൂള്‍ വിപണി ലക്ഷ്യമിട്ട വ്യാപാരികള്‍ കനത്ത നഷ്‌ടമാണ് നേരിടുന്നത്. സ്റ്റേഷനറി മുതല്‍ തയ്യല്‍ മേഖലയിലുള്ളവരെ വരെ ലോക്ക്‌ഡൗണ്‍ സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം നേരിട്ട നഷ്‌ടം ഇക്കുറി നികത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്ലാസുകള്‍ ഓണ്‍ലൈനിലായതോടെ ഇവരുടെ പ്രതീക്ഷകളാണ് തകര്‍ന്നത്.
ഇത്തവണയും ബാഗുകളും കുടകളും നോട്ട്ബുക്കുകളും സ്ലേറ്റുകളും പെന്‍സിലുകളും പേനകളുമൊക്കെ വാങ്ങാനാളില്ലാതെ കടകളില്‍ കെട്ടിക്കിടക്കുന്നു. ചോറ്റുപാത്രത്തിനും വാട്ടര്‍ബോട്ടിലിനുമെല്ലാം ഏറ്റവുമധികം ആവശ്യക്കാരുള്ളത് അധ്യയന വര്‍ഷത്തിന്‍റെ ആരംഭ ഘട്ടത്തിലാണ്. എന്നാല്‍ ക്ലാസുകള്‍ വീട്ടകങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ ഇവയും വിറ്റുപോകാതായി.
Read more: വീണ്ടും ഒരു അധ്യയന വര്‍ഷം; പ്രവേശനോത്സവവും ക്ലാസുകളും ഓണ്‍ലൈനായി
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പേ തിരക്കിലാകുന്ന തയ്യല്‍ മേഖലയും ഇത്തവണ പ്രതിസന്ധി നേരിടുകയാണ്. തയ്യല്‍ മെഷീനുകള്‍ നിലച്ചിരിക്കുന്നു. അളവെടുക്കലിനും മറ്റും സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്തതിനാല്‍ തുന്നല്‍ മേഖല അടഞ്ഞുകിടക്കുകയാണ്. യൂണിഫോമിന്‍റെയും പുത്തനുടുപ്പുകളുടെയും വില്‍പ്പനയുമായി സജീവമാകേണ്ട വസ്ത്രവിപണിയും നിര്‍ജീവം. സ്‌കൂള്‍ ആരംഭത്തിനൊപ്പം കാലവര്‍ഷമെത്തുന്നതിനാല്‍ കുടവിപണിയിലും മുന്നേറ്റമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഈ രംഗത്തും തകര്‍ച്ച പ്രകടമാണ്. വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിച്ച് ലഭിക്കുന്ന വരുമാനം തുണയായിരുന്ന ഓട്ടോഡ്രൈവര്‍മാരും ദുരിതത്തിലാണ്.
ഈ വര്‍ഷവും പ്രതിസന്ധി തുടര്‍ന്നതോടെ കടയുടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലേക്കാണ് എടുത്തെറിയപ്പെട്ടത്. ഈ രംഗത്തെ തകര്‍ച്ചയ്ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
Also read: അക്ഷരയ്ക്കും അനന്തുവിനും തൊഴില്‍ വേണം, ഒടുങ്ങാത്ത അവഗണനയിലും ജീവിതം കരുപ്പിടിപ്പിക്കാന്‍
നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും സര്‍ക്കാരിന്‍റെ മുന്‍പിലില്ല. എങ്കിലും രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തോത് കുറയുന്നുണ്ടെന്നത് ഓണ്‍ലൈനില്‍ നിന്ന് ഓഫ്‌ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് വൈകാതെ ചേക്കേറാന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ട്. ക്ലാസ് മുറികള്‍ സജീവമാകുന്ന ദിവസത്തേക്കുള്ള കാത്തിരിപ്പിലാണ് വിപണി.