കോഴിക്കോട്: ലോകമെമ്പാടുമുള്ള പരമ്പരാഗത കലാകാരന്മാരുടെ കലാവിരുതുകള്‍ ഒരു കുടക്കീഴിലെത്തിച്ച് വിസ്‌മയമൊരുക്കിയിരിക്കുകയാണ് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കരകൗശല മേള. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, സിറിയ, താജിക്കിസ്ഥാന്‍, തായ്‌ലന്‍ഡ്, ഉസ്ബെക്കിസ്ഥാന്‍, ലെബനന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്‌ധരാണ് 10-ാമത് അന്താരാഷ്ട്ര മേളയില്‍ പങ്കെടുക്കാനെത്തിയത്. കൂടാതെ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നിന്നും 500ലധികം കരകൗശല വിദഗ്‌ധര്‍ മേളയുടെ ഭാഗമായിട്ടുണ്ട്.
വിവിധ നിറത്തിലും വര്‍ണത്തിലും രൂപത്തിലുമുള്ള കലാസൃഷ്‌ടികളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കരകൗശല വസ്‌തുക്കള്‍ക്ക് പുറമെ വീട്ടുപകരണങ്ങള്‍, ഗൃഹാലങ്കാര സാമഗ്രികള്‍, ഓഫിസ് ഉപകരണങ്ങള്‍, വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 19 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തില്‍പരം സന്ദര്‍ശകര്‍ മേളയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി ഒമ്പതിന് മേള സമാപിക്കും.