കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജില്‍ ചന്ദനമരങ്ങൾ മുറിച്ചുകടത്തി. പിജി ബ്ലോക്കിന് മുന്‍വശത്ത് നിന്ന രണ്ട് ചന്ദനമരങ്ങളാണ് കട്ടിങ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് കടത്തിയത്. ചൊവ്വാഴ്‌ച രാവിലെയാണ് പിജി ബ്ലോക്കിന് മുന്നിലെ രണ്ട് ചന്ദനമരങ്ങള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്.
സമീപത്ത് മറ്റൊരു ചന്ദനമരം മുറിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. സിസിടിവി കാമറക്ക് മുന്നില്‍ നിന്ന മരങ്ങളാണ് മുറിച്ചു കടത്തിയത്. പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനം വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
മരം മുറിച്ച സ്ഥലത്തിനു സമീപത്തെ കെട്ടിടങ്ങളില്‍ സംഭവ ദിവസം വൈദ്യുതി ഉണ്ടായിരുന്നില്ല എന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്. അതിനാല്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പ്രിന്‍സിപ്പലിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. നേരത്തെയും സമാനമായ രീതിയില്‍ കാമ്പസിലെ ചന്ദനമരം മോഷണം പോയിരുന്നു. അപ്പോഴും സിസിടിവി ഓഫായിരുന്നു.
കോളജ് കോമ്പൗണ്ടില്‍ വൈദ്യുതിയില്ലാത്ത സമയവും സിസിടിവി ഓഫാകുന്ന സമയവും കൃത്യമായി അറിയാവുന്നവരാണ് ഇതിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കോളജ് അധികൃതരുടെ ഒത്താശയോടെയാണ് കൊള്ളയെന്നാരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്‍റെ ഓഫിസ് ഉപരോധിച്ചു.