കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിലെ സിപിഎം സെമിനാറിൽ സമസ്‌ത പങ്കെടുക്കുമെന്ന് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സിപിഎമ്മുമായി സമസ്‌ത സഹകരിക്കും. ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വഭേദഗതി വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്‌റ്റ് പാർട്ടിക്കൊപ്പവും നില്‍ക്കും. എന്നാൽ, സംഘാടക സമിതിയിൽ ഭാരവാഹിത്വം ഏറ്റെടുക്കില്ല. വിഷയത്തിൽ കോൺഗ്രസുമായും ലീഗുമായും സഹകരിക്കുമെന്നും മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.
ഏക സിവിൽ കോഡിൽ സമസ്‌ത പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ശേഷം, എന്ത് വേണമെന്ന് തീരുമാനിക്കും. മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല, പരസ്‌പര സാഹോദര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്.
രാജ്യത്തിൻ്റെ നന്മകൾക്ക് എതിരായ ചരിത്രം മുസ്‌ലിം സമുദായത്തിനില്ല. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്.
മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും സമസ്‌തയുടെ പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സെമിനാറില്‍ ലീഗിന് ക്ഷണം: അതേസമയം, ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിലേക്ക് മുസ്‌ലിം ലീഗിന് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. ഇന്നലെ(ജൂലൈ 7) വൈകിട്ടാണ് നേരിട്ടെത്തി ക്ഷണിച്ചതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സിപിഎം നിലപാടിനെ സ്വാഗതം ചെയ്യുമ്പോഴും സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ കൂടിയാലോചനകള്‍ക്ക് ശേഷം മറുപടി പറയാമെന്നും പിഎംഎ സലാം വ്യക്തമാക്കി.
വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചാല്‍, സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ലീഗ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സ്വപ്‌നനഗരിയില്‍ ഈ മാസം 15നാണ് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ നടക്കുക.
സെമിനാറിലെ സംഘാടക സമിതിയില്‍ സമസ്‌ത അംഗവുമുണ്ട്. വൈസ് ചെയര്‍മാന്‍മാരുടെ പട്ടികയിലാണ് മുസ്‌തഫ മുണ്ടുപാറയുടെ പേരുള്ളത്. എന്നാല്‍, ഏക സിവില്‍ കോഡ് വിഷയത്തില്‍ സമസ്‌ത കണ്‍വെന്‍ഷന്‍ കോഴിക്കോട് ആരംഭിച്ചു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് കണ്‍വെന്‍ഷന്‍ വിളിച്ചത്.
പ്രതികരിച്ച് പ്രതിപക്ഷ നേതാവ്: അതേസമയം, ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത് മുസ്‌ലിം ലീഗിനേയും സമസ്‌തയേയും ക്ഷണിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. അതില്‍ നിന്ന് എന്തെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം.
ഏക സിവില്‍ കോഡ് സംബന്ധിച്ച് 1986 - 87 കാലഘട്ടത്തില്‍ സിപിഎം നിലപാട് എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. സിപിഎമ്മിന്‍റെ താത്വികാചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെ തള്ളി പറയാൻ എംവി ഗോവിന്ദൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. സിവില്‍ കോഡ് നടപ്പാക്കണമെന്നായിരുന്നു ഇഎംഎസ് പറഞ്ഞിരുന്നത്.
ശരീഅത്ത് നിയമം ഇന്ത്യക്ക് യോജിച്ചതല്ല. ശരീഅത്ത് നിയമം ഇറാനിലേത് പോലെ ഇസ്‌ലാമിക റിപ്പബ്ലിക്കായ സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂ. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നുമായിരുന്നു ഇഎംഎസിന്‍റെ നിലപാടെന്നും വിഡി സതീശന്‍ പറഞ്ഞു.