കോഴിക്കോട്: ലീഗുമായുള്ള തർക്കം രൂക്ഷമാക്കി സമസ്‌തയുടെ കടുത്ത നടപടി. മുസ്‌ലിം ലീഗ് പിന്തുണയുള്ള കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സിഐസി) സെക്രട്ടറി ഹക്കിം ഫൈസി ആദൃശേരിക്കെതിരെ നടപടിയുമായി സമസ്‌ത. സമസ്‌തയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹക്കിം ഫൈസിയെ നീക്കി.
സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. സമസ്‌ത വിലക്ക് മറികടന്ന് വാഫി സമ്മേളനവും കലോത്സവവും നടത്തിയതിന് പിന്നാലെയാണ് പുറത്താക്കൽ. പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണയോടെയാണ് ഹക്കിം ഫൈസി പ്രവർത്തിച്ചിരുന്നത്.
പുരോഗമന ചിന്താഗതി ഉയർത്തി പിടിച്ച ഹക്കിം ഫൈസിയുമായി സമസ്‌ത ഏറെ നാളായി തർക്കത്തിലായിരുന്നു. വഖഫ് വിഷയത്തിൽ ഇടഞ്ഞതോടെ ലീഗും ഫൈസിയെ മുൻനിർത്തി പ്രവർത്തിച്ചു. അതിന് കിട്ടിയ അവസരമായിരുന്നു വാഫി സമ്മേളനം.
മതപഠന വിദ്യാർഥികൾക്കായുള്ള വാഫി കോഴ്‌സുകളിൽ പ്രവേശനം നേടുന്ന പെൺകുട്ടികളെ കോഴ്‌സ് പൂർത്തിയാകും മുമ്പ് വിവാഹം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന തർക്കമാണ് ആദ്യമുണ്ടായത്. പിന്നീട് പ്രത്യേക പെരുമാറ്റച്ചട്ടമുണ്ടാക്കി സമസ്‌ത സിഐസിയെ നിയന്ത്രിക്കാനും ശ്രമിച്ചു.
മത സംഘടനയോട് പക്ഷപാതം കാണിച്ചവരെ സിഐസിയിൽ നിന്ന് നീക്കിയായിരുന്നു സമസ്‌തയുടെ നടപടി. ഇതിന് പിന്നാലെ കോളജുകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇരുവിഭാഗങ്ങളും ശ്രമം തുടങ്ങി. ഈ തർക്കത്തിൽ തുടക്കം മുതൽ ലീഗും പാണക്കാട് കുടുംബവും ഹക്കിം ഫൈസിക്ക് ഒപ്പമായിരുന്നു.
ഇതോടെയാണ് സമസ്‌തയും തുറന്നടിച്ചുള്ള നീക്കങ്ങൾ ആരംഭിച്ചത്. സമസ്‌തയ്ക്കെതിരെ മുനവച്ചുള്ള വാക്കുകളിലൂടെ വിമർശനം തൊടുത്തിരുന്ന ലീഗ് നേതാക്കൾ ഹക്കിം ഫൈസി വിഷയത്തിൽ പരസ്യ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട്.