കോഴിക്കോട്: കൂരാച്ചുണ്ടിൽ ആണ്‍ സുഹൃത്തിന്‍റെ ക്രൂര മര്‍ദനത്തിന് ഇരയായ വിദേശ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാളങ്ങാലി ഓലക്കുന്നത്ത് ആഗിലാണ് (28) അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് പേരാമ്പ്ര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഒളിവില്‍ പോയ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കഞ്ചാവ് കണ്ടെത്തി.
ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. കഴിഞ്ഞ മൂന്ന് മാസമായി കൂരാച്ചുണ്ടില്‍ ഒരുമിച്ച് താമസിക്കവേ കഴിഞ്ഞ ദിവസമാണ് ആഗില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ പാസ്‌പോര്‍ട്ട് കീറി കളയുകയും ചെയ്‌തു. മര്‍ദനം തുടര്‍ന്നതോടെ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ കൈയ്ക്കും കാലിനും പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം റഷ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുവതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ലഹരി നല്‍കി ആഗില്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും മര്‍ദനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അപകടനില തരണം ചെയ്‌തതിന് പിന്നാലെയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയ കേസെടുത്തു. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി ആഗിലിനെ പരിചയപ്പെട്ടത്. ഏറെ നാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സംസാരിച്ച ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ആഗിലിനൊപ്പം ജീവിക്കാന്‍ കേരളത്തിലേക്ക് തിരിക്കുകയുമായിരുന്നു. റഷ്യയില്‍ നിന്ന് ഖത്തറിലെത്തിയ യുവതി നേപ്പാള്‍ വഴി ഇന്ത്യയിലേക്കും തുടര്‍ന്ന് കേരളത്തിലേക്കും വരികയായിരുന്നു.
മൂന്ന് മാസം മുമ്പാണ് യുവതി കൂരാച്ചുണ്ടിലെ കാളങ്ങാലിലെത്തി ആഗിലിനൊപ്പം താാമസിക്കാന്‍ തുടങ്ങിയത്. മര്‍ദന കാരണങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
more read: കൈക്കുഞ്ഞുമായി യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു
കേരളവും വര്‍ധിച്ച് വരുന്ന ആത്മഹത്യ ശ്രമങ്ങളും: കേരളത്തില്‍ ആത്മഹത്യ ശ്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇടുക്കി തൊടുപുഴയിലെ ഒരു കുടുംബം ആത്മഹത്യ ശ്രമിച്ച വാര്‍ത്ത ഏതാനും ദിവസം മുമ്പാണ് നമ്മള്‍ കേട്ടത്. തൊടുപുഴ മണക്കാട് ചിറ്റൂരിലെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
അതിലൊരാള്‍ മരിക്കുകയും ചെയ്‌തു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു. അടുത്തിടെയുണ്ടായ സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുണ്ടായത്. തിക്കോടിയിലെ എഫ്‌സിഐ ഗോഡൗണിലെ തൊഴിലാളിയുടെ ആത്മഹത്യ ശ്രമം. ലോറി ഡ്രൈവറായ യുവാവ് ലോറിയ്‌ക്ക് മുകളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയായിരുന്നു ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.
also read: രാഹുലിന്‍റെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയതിനെതിരെ പോരാടാനുറച്ച് കോണ്‍ഗ്രസ്