കോഴിക്കോട്: " ഇപ്പൊ ശരിയാക്കിത്തരാം... ഇപ്പൊ ശരിയാക്കി ത്തരാം " എന്ന് സുലൈമാൻ പറഞ്ഞ റോഡ് റോളർ ഒടുവില്‍ ശരിയായി. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ റോഡ് റോളർ ശരിയാക്കാൻ വരുന്ന സുലൈമാനായി നടൻ കുതിരവട്ടം പപ്പു തകർത്ത് അഭിനയിച്ച രംഗത്തിലെ റോഡ് റോളറിന് ഒടുവില്‍ മോചനം. പിഡബ്ലിയുഡി ലേലത്തില്‍ വച്ച റോഡ് റോളർ സ്വന്തമാക്കിയത് മോഹൻലാല്‍ അഭിനയിച്ച സിപി നായർ എന്ന കഥാപാത്രമല്ല, തിരുവണ്ണൂരുകാരന്‍ സാലിഹാണ്.
" മെയ്തീനേ... ആ ചെറിയേ സ്ക്രൂ ഡ്രൈവർ ഇങ്ങ്ടുക്ക്" ... എന്ന ഒറ്റ സംഭാഷണം കൊണ്ട് മഹാനായ നടൻ കുതിരവട്ടം പപ്പു അനശ്വരമാക്കിയ കഥാപാത്രം മതിലുപൊളിച്ച് മലയാളിയുടെ മനസിലേക്ക് ഓടിച്ച് കയറ്റിയ ആ റോഡ് റോളറിനെ കുറിച്ച് തന്നെ. നാലുവർഷമായി കോഴിക്കോട് കോര്‍പ്പേറഷന്‍ വളപ്പിലായിരുന്നു താരത്തിന്‍റെ താമസം. പണ്ട് താമരശ്ശേരി ചുരത്തിലൂടെ കടുകുമണി വ്യത്യാസത്തിന് ഇതിലും വെലിയ റോഡ് റോളറോടിച്ച സുലൈമാനെയും കാത്ത് കിടക്കുകയായിരുന്നു താരം. പക്ഷേ സുലൈമാൻ ഇനി വരില്ല. കാലപ്പഴക്കത്തില്‍ റോഡിലിറങ്ങാൻ കഴിയാത്ത റോഡ് റോളറിനെ ലേലത്തില്‍ വെക്കാന്‍ പിഡബ്ലിയുഡി തീരുമാനിച്ചു.
ഇനിയുള്ള ട്വിസ്റ്റ് സിനിമയിലല്ല, പിഡബ്ലിയുഡി കരാറുകാരനായ സാലിഹ് സിവിൽ സ്റ്റേഷനിൽ മറ്റൊരാവശ്യത്തിന് എത്തിയതാണ്. കണ്ടെയ്‌ന്‍മെന്‍റ് സോണായതിനാൽ വന്ന കാര്യം നടന്നില്ല. ഈ സമയത്താണ് റോഡ് റോളർ ലേലം നടക്കുന്നതായി അറിഞ്ഞത്. ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മുടക്കി വെള്ളാനകളുടെ നാട്ടിലെ താരത്തെ സാലിഹ് സ്വന്തമാക്കി. കഴിഞ്ഞ മുപ്പത് വർഷമായി പിഡബ്ലിയുഡി കരാറുകാരനായ സാലിഹിന് നാല് റോഡ് റോളർ സ്വന്തമായുണ്ട്. ഇവയെല്ലാം വാടകക്ക് കൊടുക്കാറാണ് പതിവ്. വെള്ളാനയായ ഈ റോഡ് റോളർ ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടാണ് സാലിഹ് വാങ്ങിയത്. സ്പെയർ പാർട്സ് ഉപയോഗിക്കുകയാണ് ലക്ഷ്യം. എന്നാല്‍ സിനിമാ താരത്തെ തല്‍ക്കാലം വീട്ട് മുറ്റത്ത് ഒരലങ്കാരമായി സൂക്ഷിക്കാനാണ് സാലിഹിന്‍റെ തീരുമാനം. സാലിഹിനൊപ്പം വെള്ളാനകളുടെ നാട്ടിലെ റോഡ് റോളർ തിരുവണ്ണൂരിലേക്ക് പോകും. കൊണ്ടുപോകാൻ പഴയ സുലൈമാനും മെയ്തീനും വരുമോ എന്നാണ് ഇനി അറിയേണ്ടത്.