കോഴിക്കോട്: പ്രളയത്തിൽ തകർന്നുപോയ നെൽ കൃഷിയിൽ നിന്നും നൂറുമേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂർ സ്വദേശിയായ സുനിൽ. കെഎസ്ആർടിസി ജീവനക്കാരനായ സുനിൽ തന്‍റെ ഒഴിവുസമയങ്ങൾ എല്ലാം വിനിയോഗിക്കുന്നത് കൃഷിക്കു വേണ്ടിയാണ്. കഴിഞ്ഞ പ്രളയത്തിൽ വെള്ളന്നൂർ പ്രദേശത്തെ വയലുകളിൽ എല്ലാം വെള്ളം കയറി വ്യാപകമായ കൃഷിനാശം ഉണ്ടായി. സുനിലിന്‍റെ നെൽകൃഷിയും വെള്ളത്തിനടിയിൽ ആവുകയും പൂർണമായും നശിച്ചു പോവുകയും ചെയ്തിരുന്നു.
എന്നാൽ പ്രളയം കഴിഞ്ഞതോടെ നശിച്ചുപോയ നെൽ ചെടികളിൽ നിന്നും പുതു നാമ്പുകൾ മുളപൊട്ടുകയായിരുന്നു. എല്ലാ വർഷങ്ങളിലും വിവിധതരം നെൽവിത്തുകൾ കൃഷി ചെയ്യാറുണ്ടെങ്കിലും ഇത്തവണ നവരയും രക്തശാലിയുമാണ് കൃഷി ചെയ്തത്. ചാത്തമംഗലം പഞ്ചായത്ത് കൃഷി ഭവന്‍റെ പൂർണ പിന്തുണയും സുനിലിന്റെ കൃഷിക്ക് ലഭിച്ചിരുന്നു. സഹപ്രവർത്തകരിൽ നിന്നും നാട്ടുകാരിൽ നിന്നും തന്‍റെ കൃഷിക്ക് നിറഞ്ഞ പ്രോത്സാഹനം ആണ് ലഭിക്കുന്നതെന്ന് സുനിൽ പറയുന്നു. കൊയ്ത്തുത്സവം കെ.എസ്.ആർ ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി രാജേന്ദ്രൻ നിർവഹിച്ചു . ചാത്തമംഗലം കൃഷി ഓഫിസർ രൂപക്, ഡി.പി. ഒ ജോളി ജോൺ, വാർഡ് മെമ്പർ എം.ടി രാമൻ തുടങ്ങിയവർ സംബന്ധിച്ചു.