കോഴിക്കോട്: കോളജ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പീഡനത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ താമരശേരി ചുരം ഒന്‍പതാം വളവില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി ലഹരിവസ്‌തു നല്‍കി പീഡിപ്പിച്ചതായാണ് യുവതി നൽകിയ മൊഴി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായും തെളിഞ്ഞിട്ടുണ്ട്.
താമരശേരിയിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. കഴിഞ്ഞ ചൊവ്വാഴ്‌ച വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയിരുന്നു. വീട്ടിലെത്താതായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിക്ക് പ്രതിയെ മുൻപരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് നഗരത്തിൽ ഇരുവരും നേരത്തെ എത്തിയതിൻ്റെ തെളിവുകളും പൊലീസിന് ലഭിച്ചു. പ്രതിയുടെ പേര് വിവരങ്ങൾ മനസിലാക്കിയ പൊലീസ് ഇയാളെ തെരയുകയായിരുന്നു. വയനാട്ടിൽ ഉണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൽപ്പറ്റ സ്വദേശി ജിനാഫിനെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയത്.
Also read : ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു; കാണാതായ ബിരുദ വിദ്യാര്‍ഥിനിയെ കണ്ടെത്തി
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, കീടനാശിനി കുടിപ്പിച്ചു : ബിഹാറിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വൈശാലിയിലെ ബാലിഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വ്യാഴാഴ്‌ച (ജൂൺ 1) രാത്രി വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് പോയ പെണ്‍കുട്ടിയെ അഞ്ച് പേർ ചേർന്ന് തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനത്തിന് ശേഷം കൗമാരക്കാരിയെ പ്രതികൾ ബലമായി കീടനാശിനി കുടിപ്പിച്ചു. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പെൺകുട്ടിക്ക് കീടനാശിനി നൽകിയത്. ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഉടൻ വീട്ടിലെത്തി മുത്തശ്ശിയോട് വിവരം പറഞ്ഞു. പിന്നാലെ തന്നെ കുട്ടി ബോധരഹിതയായി വീണു.
പെൺകുട്ടിയുടെ മുത്തശ്ശി പട്‌നയിൽ താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചു. പടേപൂർ പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആരോഗ്യനില ഗുരുതരമായതോടെ പെൺകുട്ടിയെ ഹാജിപൂർ സദർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
More read : ബിഹാറിൽ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; പീഡന ശേഷം കീടനാശിനി കുടിപ്പിച്ചു, നില ഗുരുതരം
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു : കൊല്ലം കടയ്‌ക്കലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിലായി. ആനതറമല സ്വദേശിയായ വിഷ്‌ണുലാലിനെയാണ് (28) പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി മുതൽ വിവാഹ വാഗ്‌ദാനം നൽകി ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 19 മുതൽ വിഷ്‌ണു നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പീഡന വിവരം പുറത്ത് പറഞ്ഞാൽ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
More read : വിവാഹ വാഗ്‌ദാനം നൽകി പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ പീഡനം; യുവാവ് പിടിയിൽ