കോട്ടയം: വേമ്പനാട് കായലിന്‍റെ സംരക്ഷകൻ രാജപ്പനെ തേടി തായ്‌വാനിലെ സുപ്രീം മാസ്റ്റർ ചിംഗ് ഹായ് ഇന്‍റർനാഷണലിന്‍റെ ഷൈനിംഗ് വേൾഡ് - എർത്ത് പ്രൊട്ടക്ഷൻ പുരസ്കാരം. 10000 യുഎസ് ഡോളറും (730100 ഇന്ത്യൻ രൂപ) പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. വേമ്പനാട് കായലിലും മീനച്ചിലാറ്റിലും വള്ളത്തിൽ തുഴഞ്ഞു നടന്നു പ്ളാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന കുമരകം സ്വദേശിയായ രാജപ്പൻ നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. മൻകി ബാതിലൂടെ പ്രധാന മന്ത്രി നരേന്ദ്രമോദി രാജപ്പനെ പ്രശംസിച്ചിരുന്നു.
Read More:ഇടിവി ഭാരത് പറഞ്ഞ കുമരകത്തിന്‍റെ രാജപ്പേട്ടനെ തേടി പ്രധാനമന്ത്രിയുടെ അഭിനന്ദനം
പക്ഷാഘാതം വന്ന് അരയ്ക്കു താഴേക്ക് ചലന ശേഷി നഷ്ട്ടപ്പെട്ട രാജപ്പൻ മുട്ടിൽ ഇഴഞ്ഞാണ് വള്ളത്തിൽ കയറുന്നത്. വെളുപ്പിന് തുടങ്ങി സന്ധ്യ വരെ പുഴയിലും കായലിലും സഞ്ചരിച്ച് ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ വള്ളത്തിൽ ശേഖരിക്കും. ഇവ വീട്ടിലെത്തിച്ച് കെട്ടുകളായി സൂക്ഷിക്കും. ആക്രി മൊത്ത കച്ചവടക്കാർക്ക് ഈ കുപ്പികൾ വിറ്റാണ് രാജപ്പൻ ഉപജീവനം നടത്തുന്നത്. പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് രാജപ്പൻ നടത്തുന്ന സേവനം പ്രചോദനമാകുന്നുവെന്നും ജലാശയങ്ങൾ സംരക്ഷിക്കുന്നതിലൂടെ ഭൂമിയെത്തന്നെയാണ് സംരക്ഷിക്കുന്നതെന്നുമാണ് സുപ്രീം മാസ്റ്റർ ചിംഗ് ഹായ് ഇന്‍റർനാഷണലിന്‍റെ പ്രശംസാപത്രത്തിൽ പറയുന്നത്.
Read More:കുമരകത്തിന്‍റെ കായലോളപ്പരപ്പിൽ മാതൃകയായി രാജപ്പേട്ടൻ
രാജപ്പന്‍റെ അയൽ വാസിയായ നന്ദുവാണ് രാജപ്പനെ കുറിച്ച് സമൂഹ മാധ്യമത്തിൽ ആദ്യമായി എഴുതുന്നത്. അതോടെ കായൽ സംരക്ഷണത്തിനായി രാജപ്പൻ നടത്തുന്ന പ്രവർത്തനം നാട് ആഘോഷിക്കുകയായിരുന്നു. നാനാ തുറകളിൽ നിന്നുള്ളവർ ഇയാളെ തേടിയെത്തി. 2018 ലെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ട്ടപ്പെട്ട രാജപ്പന് ബോബി ചെമ്മണ്ണൂർ നേരിട്ടെത്തി വീട് വെച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് ശിവശങ്കറിന്‍റെ പ്രവാസി സുഹൃത്ത് രാജപ്പന് യന്ത്രം ഘടിപ്പിച്ച പുതിയ വള്ളവും നൽകിയിരുന്നു. വീട് നഷ്ട്ടപ്പെട്ടതിനാൽ ഇപ്പോൾ സഹോദരി വിലാസിനിക്ക് ഒപ്പമാണ് രാജപ്പന്‍റെ താമസം. പുരാസ്കാര ലഭ്യതയെക്കുറിച്ചും പ്രശംസകളെക്കുറിച്ചുമൊക്കെ ചോദിച്ചാൽ എല്ലാം നന്ദു മൂലം വന്നതാണെന്നാണ് രാജപ്പൻ ചേട്ടൻ പറയുന്നത്.