കോഴിക്കോട്: പഠന കാലത്ത് തയ്യാറാക്കിയ കയ്യെഴുത്ത് പുസ്തകങ്ങളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ മതഗ്രന്ഥമായ ഖുർആൻ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കി ഞെട്ടിച്ചിരിക്കുകയാണ് ഒരു പത്താം ക്ലാസുകാരി. കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ ഹയർസെക്കന്‍ഡറി സ്കൂൾ വിദ്യാർത്ഥിയായ ആയിഷ ഫാദിനാണ് അച്ചടിയെ വെല്ലുന്ന വടിവൊത്ത കയ്യക്ഷരത്തിൽ ഖുര്‍ആൻ മുഴുവനായും പകർത്തി എഴുതിയത്.
കാലിഗ്രഫിയിലെ കമ്പം കണ്ട് കൊവിഡ് കാലത്തിന്റെ അവസാനത്തിലാണ് ഖുർആൻ പകർത്തിയെഴുതാമോയെന്ന് ആയിഷ ഫാദിനോട് ഉമ്മ ചോദിച്ചത്. ആദ്യം 'എ ഫോർ' പേപ്പറിൽ തുടങ്ങി. അക്ഷരങ്ങളുടെ ഭംഗി കണ്ട് പിന്നീട് ഉമ്മ തന്നെ ഗുണമേന്മ കൂടിയ പേപ്പർ വാങ്ങി കൊടുത്തു. എഴുതിയെഴുതി ഒന്നരക്കൊല്ലം കൊണ്ട് 620 പേജും പൂർത്തിയാക്കി.
എല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് സ്കൂളിലെ ടീച്ചർമാരോടടക്കം വിവരം പറഞ്ഞത്. സംഗതി ഏറ്റവും ഇഷ്ടപ്പെട്ടത് പ്രവാസിയായ ഉപ്പക്കാണ്. അദ്ദേഹത്തിന്‍റെ കഴിവാണ് മോൾക്ക് കിട്ടിയതെന്ന് ഉമ്മ സ്റ്റെഫീനയും പറയുന്നു. അഭിനന്ദനങ്ങളുടെയും അനുമോദനങ്ങളുടേയും പ്രവാഹമാണ് ഇപ്പോൾ നാട്ടിലും വീട്ടിലും. ഉസ്താദുമാരും അംഗീകരിച്ചതോടെ പെരുത്ത് സന്തോഷായി. സ്കൂളിലാണെങ്കിൽ താരവുമായി.
പ്രിന്‍റിങ് സംവിധാനങ്ങൾ വന്ന ശേഷം ഖുർആന്‍റെ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കൽ അപൂർവ്വമാണ്. ക്ഷമയോടെ അത് പൂർത്തിയാക്കിയ ആയിഷ ഫാദിന്‍റെ അടുത്ത ലക്ഷ്യം പകർത്തിയതിന്‍റെ അർത്ഥം മസിലാക്കിയുള്ള മലയാള പരിഭാഷയാണ്. ഉപ്പ നൽകിയ ഈ ഉദ്യമത്തിനുള്ള തയ്യാറെടുപ്പിലാണ് ഈ കയ്യെഴുത്തുകാരി...