കോഴിക്കോട്: കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശം. പിഡബ്ലിയുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടി. പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നൽകിയിരുന്നു.
ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്. നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കര്‍ശന താക്കീതും നൽകിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങൾ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിർദേശിച്ചു.
പാലം തകർച്ചയുമായി ബന്ധപ്പെട്ട് പിഡബ്ലിയുഡി വിജിലൻസ് ആദ്യം സമർപ്പിച്ച റിപ്പോർട്ട് മന്ത്രി തിരിച്ചയച്ചിരുന്നു. ഇക്കഴിഞ്ഞ മെയ് 16നായിരുന്ന മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്.
Also Read: കൂളിമാട് പാലം തകർച്ച: വിശദീകരണം തേടി അന്വേഷണ റിപ്പോർട്ട് മന്ത്രി മടക്കി അയച്ചു