കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര നടത്തിയത് എങ്ങിനെയന്ന് വ്യക്തമാക്കി മുഖ്യ പ്രതി ജോളി. മദ്യത്തിൽ സയനൈഡ് ചേർത്താണ് ആദ്യ ഭർത്താവ് റോയ് തോമസിനേയും ഭർതൃ മാതാവിന്‍റെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിനേയും കൊലപ്പെടുത്തിയത്. വൈറ്റമിൻ ക്യാപ്സ്യൂളില്‍ സയനൈഡ് ചേർത്താണ് ആദ്യ ഭർത്താവിന്റെ പിതാവ് ടോം തോമസിയേയും ഇപ്പോഴത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയേയും കൊലപ്പെടുത്തിയത്. ആദ്യ ഭർതൃ മാതാവ് അന്നമ്മയെ ഭക്ഷണത്തിൽ കീടനാശിനി ചേർത്തും കൊലപ്പെടുത്തി. അതേ സമയം സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയതിന് ജോളിയിൽ നിന്ന് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിൽ കൂടുതൽ അന്വേഷണം വേണ്ടി വരും.
കൊലപാതകം നടന്ന സ്ഥലങ്ങളിൽ നടന്ന തെളിവെടുപ്പിനിടെ ജോളി വെളിപ്പെടുത്തിയ കാര്യങ്ങൾ പൊലീസ് രണ്ട് ക്യാമറകളിലാണ് പകർത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ രീതിയും സ്ഥലവും എല്ലാം വ്യക്തമായെങ്കിലും കൃത്യമായ തെളിവുകളുടെ അഭാവത്തിൽ കേസ് ശാസ്ത്രീയ രീതിയിൽ തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. അതിനിടെ കല്ലറയിൽ നിന്ന് എടുത്ത മണ്ണിൽ വിഷത്തിന്റെ അംശം ഉണ്ടെന്ന് പരിശോധനയിൽ തെളിയുമെന്ന വലിയ പ്രതീക്ഷമാത്രമാണ് അന്വേഷണ സംഘം പങ്കുവെക്കുന്നത്. 2002 സെപ്റ്റംബര്‍ 22 മുതൽ ആറ് പേരെ വധിച്ച കൊലപാതക പരമ്പയിൽ എത്ര എണ്ണത്തിന് വ്യക്തമായ തെളിവ് കോടതിയിൽ എത്തിക്കാൻ കഴിയും എന്ന ചോദ്യത്തിന് കണ്ടറിയാം എന്നത് മാത്രമാണ് അന്വേഷണ സംഘത്തിന്റെ മറുപടി.