കോഴിക്കോട്: 'തല്ലുമാല'യുടെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി ജനത്തിരക്ക് കാരണം മുടങ്ങി. അണിയറ പ്രവര്‍ത്തകര്‍ക്ക് ജനത്തിരക്ക് കാരണം പ്രൊമോഷന്‍ പരിപാടി അവതരിപ്പിക്കാനാകാത്ത സാഹചര്യമായിരുന്നു. മാളിലും പുറത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മാളിനുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല.
‘ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്‍റെ സ്നേഹത്തിന് നന്ദിയെന്നുമാണ്’ നടന്‍ ടൊവിനോ തോമസ് ഇതിന് ശേഷം തന്‍റെ സോഷ്യല്‍ മീഡിയയില്‍ എത്തി ലൈവില്‍ പറഞ്ഞത്. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു. ഇതൊരു സന്തോഷവാർത്ത എന്ന് പറയണോ, ദുഃഖവാർത്ത എന്ന് പറയണോ എന്ന് എനിക്കറിയില്ല. തിരക്ക് കാരണം പരിപാടി തുടങ്ങാൻ പറ്റിയില്ല. ജീവിതത്തിൽ ഇങ്ങനെയൊരു ക്രൗഡ് കണ്ടിട്ടില്ല.
ഇത്രയും ക്രൗഡിനുള്ളിൽ നിന്നിട്ടില്ല. ഇടയ്ക്ക് ഏതോ ഒരു നിമിഷം ജീവനോടെ തിരിച്ച് വീട്ടിൽ എത്തുമോ എന്ന് ഞാനും ചിന്തിച്ചു. സ്നേഹമാണെന്ന് തിരിച്ചറിയുന്നു. നന്ദി. ഇതേ തിരക്ക് തിയേറ്ററിലുണ്ടായാൽ കൂടുതൽ സന്തോഷം. ക്രൗഡ് കണ്ട് കണ്ണ് നിറഞ്ഞുപോയി' എന്നും ടൊവിനോ ലൈവിൽ പറഞ്ഞിരിക്കുകയാണ്.
ടൊവീനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 12 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മണവാളൻ വസിം എന്ന കഥാപാത്രം ആയി ആണ് ടൊവിനോ തോമസ് എത്തുന്നത്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്.
Also Read: മണവാളന്‍ വസീം ഓണ്‍ ദി ഫ്ലോര്‍, തരംഗമായി മണവാളന്‍ തഗ്