കോഴിക്കോട്: ഏകാന്തതയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയവർക്ക് തണലാകുകയാണ് കോഴിക്കോട് പെരുമൺ പുറയിലെ സ്നേഹവീട്. ജാതിമത ഭേദമന്യേ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാ വയോജനങ്ങൾക്കും ഇവിടേയ്ക്ക് സ്വാഗതം. വീടുള്ളവർ ഒരുപാടുണ്ടാകാം, എന്നാൽ കരുതലോടെ പരിപാലിച്ച് സ്‌നേഹം നിറഞ്ഞ ഭവനങ്ങൾ എല്ലാ വയോധികർക്കും ഉണ്ടാകണമെന്നില്ല. അവിടെയാണ് സ്നേഹവീടെന്ന പകൽവീടിന്‍റെ പ്രസക്തി. 20 പേർക്കാണ് പ്രവേശനം. സ്നേഹവീട്ടിലേയ്ക്ക് വരാനാഗ്രഹിക്കുന്ന പ്രായമായവരെ രാവിലെ ഒൻപത് മണിയോടെ അധികൃതർ തന്നെ കൂട്ടി കൊണ്ടുവരും. വൈകിട്ട് ആറ് വരെയാണ് പ്രവർത്തന സമയം. അതുകഴിഞ്ഞാൽ തിരികെയെത്തിക്കുന്നതും സ്നേഹവീടിന്‍റെ ചുമതലയുള്ളവർ തന്നെ.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ 44 ലക്ഷം രൂപ ചിലവഴിച്ചാണ് സ്നേഹവീടിന്‍റെ നിർമാണം. വിശ്രമ മുറികൾ, വായനാമുറികൾ, മതഗ്രന്ഥങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും വിനോദത്തിൽ ഏർപ്പെടാനുള്ള വഴികളും ഇവിടെയുണ്ട്. പെരുമണ്ണ ഗ്രാമ പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല. സഹായങ്ങൾക്കായി ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. പെരുമണ്ണയിലെ വയോധികർക്ക് വലിയൊരു ആശ്വാസമാവുകയാണ് സ്നേഹവീട്..