കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണത്തിൽ റീ പോസ്റ്റ്മോർട്ടത്തിന് സാധ്യത. കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വയനാട്ടിലേക്ക് തിരിച്ചു. വിശ്വനാഥൻ്റെ അമ്മയുടെയും സഹോദരന്‍റെയും മൊഴി രേഖപ്പെടുത്തും.
പൊലീസിനെതിരെ ഗുരുതരമായ ആരോപണമാണ് വിശ്വനാഥന്‍റെ സഹോദരൻ ഉന്നയിച്ചിരുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പൊലീസ് വയനാട്ടിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുന്നത്. കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം തന്നെ അംഗീകരിച്ചു കൊടുക്കാനാണ് പൊലീസിന്‍റെ നീക്കം. ആന്തരികാവയവങ്ങളുടെ ശാസ്‌ത്രീയ പരിശോധന അടക്കം നടത്താനും സാധ്യതയുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ ശാസ്‌ത്രീയ പരിശോധനക്കും തീരുമാനമായിട്ടുണ്ട്. ആശുപത്രി പരിസരത്ത് ഒരു കൂട്ടം ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്‌തതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. കുടുംബം ആരോപിക്കും പോലെ ആൾക്കൂട്ട വിചാരണയോ മർദനമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.
അന്വേഷണ റിപ്പോർട്ടിന് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് എസ്‌സിഎസ്‌ടി കമ്മിഷൻ ചെയർമാൻ റിപ്പോർട്ട് തള്ളിയ സാഹചര്യത്തിൽ പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചേർത്ത് എഫ്‌ഐആറിൽ മാറ്റം വരുത്തിയിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ, ഡിസിപി എന്നിവരുടെ മേൽനോട്ടത്തിലാണ് സമഗ്ര അന്വേഷണം നടക്കുന്നത്.
രണ്ടു ദിവസം മുൻപാണ് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വിശ്വനാഥൻ രണ്ടുദിവസം മെഡിക്കൽ കോളജ് മാതൃശിശു വിഭാഗം ആശുപത്രിയിൽ എത്തിയത്.