കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിലിനു സമീപം മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
മുത്തപ്പൻ പുഴ മൈനാവളവിൽ നാലുവയസ് പ്രായമുള്ള പുള്ളിപ്പുലിയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് മൈനവളവു ഭാഗത്ത് റോഡരികിൽ പുള്ളിപുലിയെ ചത്ത നിലയിൽ ആദ്യം കണ്ടത്. മുള്ളൻപന്നിയുടെ ആക്രമണത്തിലാകാം പുള്ളിപ്പുലി ചത്തതെന്നാണ് പ്രഥമിക നിഗമനം. ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് മുള്ളൻ പന്നിയുടെ നിരവധി മുള്ളുകൾ തറച്ചിട്ടുണ്ട്(Porcupine Kills Leopard).
മുത്തപ്പഴ -മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം നേരത്തെയും ഉണ്ടായിരുന്നു. രണ്ടുമാസം മുമ്പ് ഒരു കർഷകന്‍റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിരുന്നു. പ്രദേശത്ത് പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നു. എങ്കിലും ഇത് സംബന്ധിച്ച കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നില്ല. അതിനിടയിലാണ് ഇപ്പോൾ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.