കോഴിക്കോട്: യാത്രക്കാരിയായ വയോധികയെ ആക്രമിച്ച് ആഭരണവും പണവും കവർന്ന ശേഷം ഓട്ടോ ഡ്രൈവർ റോഡരികിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുക്കം മുത്തേരി പാലക്കുന്നുമ്മൽ യശോദ (65) യാണ് ആക്രമിക്കപ്പെട്ടത്. യശോദയുടെ ആഭരണങ്ങളും പണമടങ്ങിയ പേഴ്‌സും ഓട്ടോ ഡ്രൈവർ കൈക്കലാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ആക്രമണത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ യശോദയെ മുക്കം സി.എച്ച്.സിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുക്കം നഗരസഭയിലെ മുത്തേരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
ഓമശ്ശേരിയിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയായ യശോദ രാവിലെ ജോലിക്ക് പോകാനാണ് മുത്തേരിയിൽ നിന്ന് ഓട്ടോറിക്ഷ പിടിച്ചത്. കുറച്ച് മുന്നോട്ട് പോയ ശേഷം ഓട്ടോറിക്ഷ കേടായെന്നും തിരക്കില്ലെങ്കിൽ താൻ തന്നെ ഓമശ്ശേരിയിൽ എത്തിക്കാമെന്നും പറഞ്ഞ് ഡ്രൈവർ ഓട്ടോറിക്ഷ നിർത്തിയിട്ട് വണ്ടിയുടെ പിന്നിലേക്ക് പോയെന്നും പിന്നീട് നടന്നതൊന്നും ഓർമ്മയില്ലെന്നും യശോദ പറഞ്ഞു. മുത്തേരിയിൽ നിന്ന് ഇരുന്നൂറ് മീറ്റർ അകലെ മാങ്ങാ പൊയിൽ പള്ളിക്ക് സമീപത്തെ ഓവുചാലിലാണ് യശോദയെ ഉപേക്ഷിച്ചത്. എവിടെയെങ്കിലും കൊണ്ടുപോയി മോഷണം നടത്തിയ ശേഷം മുത്തേരിയിൽ തന്നെ ഉപേക്ഷിച്ചതാണോയെന്ന് വ്യക്തമല്ല. ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട യശോദ മണിക്കൂറുകളോളം മഴ കൊണ്ട് ഓവുചാലിൽ കിടന്നു. യശോദയുടെ കൈകാലുകളിൽ മുള്ളുകൊണ്ട് മുറിവേറ്റിട്ടുണ്ട്.