കോഴിക്കോട്: പൊലീസ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നാദാപുരത്തും, കല്ലാച്ചിയിലും ബോംബ് ഡോഗ് സ്ക്വാഡുകൾ വ്യാപക പരിശോധന നടത്തി. കോഴിക്കോട് റൂറൽ എസ്പി എ.ശ്രീനിവാസിന്‍റെ നിർദേശപ്രകാരം വൈകുന്നേരം നാല് മണിയോടെയാണ് മേഖലയിൽ പരിശോധന നടത്തിയത്.
കല്ലാച്ചി കോടതി പരിസരം, പഴയ ട്രഷറി ബിൽഡിങ്, കല്ലാച്ചി ടൗൺ, നാദാപുരം ടെലിഫോൺ എക്സ്‌ചെയ്ഞ്ച് പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പയ്യോളിയിൽ നിന്നെത്തിയ ട്രാക്കർ നായ ലക്കിയും റെയ്ഡിൽ പങ്കെടുത്തു. നാദാപുരം മേഖലയിൽ ബോംബുകളും, സ്ഫോടകവസ്തുക്കളും കണ്ടെത്തുന്നത് പതിവായതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.