കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ ഒന്നാം പ്രതിയായ ജോളിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കെതിരെ അന്വേഷണം വിപുലീകരിച്ച് പൊലീസ് . പ്രീഡിഗ്രി പാസാവാത്ത ജോളിയുടെ കൈവശമുള്ള വ്യാജ എം കോം സർട്ടിഫിക്കറ്റിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘം കോട്ടയം എംജി യൂണിവേഴ്സിറ്റിയിലെത്തി. ഇന്ന് രാവിലെയാണ് സംഘം കോഴിക്കോട്ട് നിന്ന് പുറപ്പെട്ടത്. പ്രീഡിഗ്രി ഫൈനൽ ഇയർ പരീക്ഷ എഴുതാതിരുന്ന ജോളി എം കോം സർട്ടിഫിക്കറ്റ് വരെ എങ്ങനെ തരപ്പെടുത്തി എന്നറിയാനാണ് അന്വേഷണം നടത്തുന്നത്.
മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് ജോളി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെങ്കിൽ ആ നമ്പറിൽ പരീക്ഷ എഴുതിയ ആളെ കണ്ടെത്തി തെളിവ് ബലപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഇനി അതല്ലാതെ മറ്റു തരത്തിലാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതെങ്കിൽ അതും അന്വേഷിക്കും. എം ജി യൂണിവേഴ്സിറ്റിയിലെ തെളിവെടുപ്പിനും പരിശോധനയ്ക്കും ശേഷം അന്വേഷണ സംഘം കേരള യൂണിവേഴ്സിറ്റിയിലും എത്തും.