കോഴിക്കോട്: ഗുജറാത്തിലേത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ അതേ ഫലമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ബിജെപിയുടെ വിജയത്തിന് കാരണം പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതാണെന്ന് കോതിയിലെ മാലിന്യ പ്ലാന്‍റ് നിർമാണ സ്ഥലം സന്ദർശിക്കുന്നതിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി കൂടുതൽ വോട്ട് നേടിയതല്ല മറിച്ച് എൻഡിഎ വിരുദ്ധർ ഭിന്നിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം.
കെജ്‌രിവാൾ ഗുജറാത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഇന്ത്യയിലെ വിജയിച്ച ജനപ്രതിനിധികളെ ബിജെപി വിലയ്‌ക്ക് വാങ്ങുകയാണ്. ബിജെപി രാഷ്ട്രീയ കുതിരകച്ചവടം നടത്തുന്നു. കെജ്‌രിവാളിന്‍റെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്‌തു.
ഇടതുപക്ഷം അടക്കമുള്ള ബിജെപി പ്രതിപക്ഷ സഖ്യം ഒന്നിച്ചു നിൽക്കണം. കേരളത്തിൽ അത്തരത്തിലായതുകൊണ്ടാണ് ബിജെപിയ്‌ക്ക് അധികാരത്തിൽ വരാൻ സാധിക്കാത്തത്. പ്രതിപക്ഷം ഒന്നിച്ചു നിൽക്കണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നതെന്നും പിഎംഎ സലാം കോഴിക്കോട് കോതിയിൽ പറഞ്ഞു.