കോഴിക്കോട്: വിചിത്ര സംഭവത്തിന് സാക്ഷിയായി കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ്. പ്ലസ് ടു വിദ്യാർഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്നു പഠിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടി നാല് ദിവസമാണ് എംബിബിഎസ് പഠിച്ചത്. അഞ്ചാം ദിവസം വരാതായതോടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രവേശന പട്ടികയിൽ വിദ്യാർഥിനിയുടെ പേരില്ലെന്ന് മനസിലായത്.
എന്നാൽ, ഹാജർ പട്ടികയിൽ പേരുമുണ്ട്. സംശയം തോന്നിയതോടെ പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിനിടെ തനിക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചുവെന്ന് പെൺകുട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങളും അയച്ചിരുന്നു. എന്നാൽ, പെൺകുട്ടി പ്ലസ് ടു പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രാഥമിക അന്വേഷനത്തിൽ വ്യക്തമായി.
എംബിബിഎസ് ക്ലാസിൽ ഈ പെൺകുട്ടി എങ്ങനെ എത്തിച്ചേർന്നു എന്നതിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷിച്ച് വരികയാണ്. ഡോക്‌ടറാകാനുള്ള അതിയായ ആഗ്രഹമായിരിക്കാം പെൺകുട്ടിയെ ഇങ്ങനെ ചിന്തിപ്പിച്ചതെന്നും മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ നവംബർ 29നാണ് ഒന്നാം വർഷ ക്ലാസ് തുടങ്ങിയത്. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. പിന്നാലെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്.