കോഴിക്കോട്: സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് വ്യാപാരികൾക്ക് അനുവദിച്ച സമയം ഇന്ന് വൈകുന്നേരം അവസാനിച്ചതോടെ നാളെ മുതൽ പരിശോധന കർശനമാക്കുമെന്ന് കോർപ്പറേഷൻ. കടകളിലെ സ്റ്റോക്ക് ഒഴിവാക്കുന്നതിനായി ഇന്ന് വരെ കോടതി സമയം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ല. എന്നാൽ വ്യാപാരികൾക്ക് അനുവദിച്ച സമയം കഴിഞ്ഞതോടെ ഇനി ഇളവ് നൽകേണ്ടതില്ലെന്നാണ് കോർപ്പറേഷന്‍റെ തീരുമാനം.
നാളെ മുതൽ സ്ക്വാഡുകളായി തിരിഞ്ഞ് നഗരത്തിലെ കടകളിൽ പരിശോധന നടത്തും. വ്യാപാരികൾ ഇനിയും സമയം ആവിശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്നും കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ കെ.വി ബാബുരാജ് പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് കടകളിൽ സൂക്ഷിച്ചാൽ ആദ്യം 10,000 രൂപയും രണ്ടാമതും പിടികൂടിയാൽ 25,000 രൂപയുമാണ് പിഴ ചുമത്തുക. ആവിശ്യമെങ്കിൽ പ്രോസിക്യൂഷൻ നടപടികളിലേക്കും കോർപ്പറേഷൻ നീങ്ങുമെന്ന് അധികൃതർ അറിയിച്ചു.