കോഴിക്കോട്: അയോധ്യ വിധി എന്ത് തന്നെ ആയാലും സ്വീകരിക്കുമെന്ന് പറഞ്ഞ മുസ്ലീം ലീഗിന് ഇപ്പോൾ തീവ്രവാദ സംഘടനകളുടെ ശബ്ദമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. നേരത്തെ വിധിയെ സ്വീകരിച്ച ലീഗ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്. വിധി നിരാശജനകമാണെന്നും നിരാകരിക്കുന്നതായും ലീഗ് ഇന്നലത്തെ ദേശീയ നേതാക്കളുടെ യോഗത്തിനു ശേഷം അറിയിച്ചിട്ടുണ്ട്.
തീവ്രവാദ സംഘടനകളുടെ സമ്മർദത്തിന് വഴങ്ങിയാണോ ലീഗ് നിലപാട് മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ് കോടതിയിലുള്ള സമയത്ത് തന്നെ ചില തീവ്രവാദി സംഘടനകൾ നിലപാട് വ്യക്തമാക്കിയതാണ്. അത്തരം നിലപാടിലേക്കാണ് ലീഗ് ഇപ്പോൾ നീങ്ങുന്നത്. വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. 1947ലേക്ക് തന്നെ മടങ്ങാനാണോ ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേം ചോദിച്ചു. രാജ്യം മുഴുവൻ ഒരേ മനസോടെ സ്വീകരിച്ച വിധിയുടെ പേരിൽ പ്രതിഷേധിച്ച് സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാനാണ് ലീഗ് ശ്രമം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.