കോഴിക്കോട്: വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി സമർപ്പിച്ച ഹർജി കോഴിക്കോട് വിജിലൻസ് കോടതി തള്ളി. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. എന്നാൽ പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്നാണ് വിജിലൻസ് വാദിച്ചത്.
കണ്ടെടുത്ത 47 ലക്ഷത്തിന് കൃത്യമായ രേഖ സമർപ്പിക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ല എന്ന വാദം വിജിലൻസ് കോടതി അംഗീകരിച്ചു. എന്നാൽ കേസിൻ്റെ മെറിറ്റിലേക്ക് കോടതി കടന്നിട്ടില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും ഷാജിയുടെ അഭിഭാഷകൻ പറഞ്ഞു. അഴീക്കോട് സ്‌കൂളിന് പ്ലസ്‌ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ആണ് വിജിലൻസ് അന്വേഷണം തുടരുന്നത്.
അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ എം ഷാജി കോഴ വാങ്ങിയെന്ന് മുസ്‌ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്‌കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും, ഈ അധ്യാപകന് പിന്നീട് ഇതേ സ്‌കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി, ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്.