കോഴിക്കോട് : ദുബൈയിൽ ആത്മഹത്യ ചെയ്ത മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി. അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ അംഗീകരിച്ചു. അടുത്ത ആഴ്ച പോസ്‌റ്റ്‌മോര്‍ട്ടം നടത്താനാണ് നീക്കം.
അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈ എസ്.പിയാണ് ആർഡിഒയ്ക്ക് അപേക്ഷ നല്‍കിയത്. റിഫയുടെ വീടിന് സമീപത്തെ പള്ളി ഖബറിസ്ഥാനിലാണ് മൃതദേഹം ഖബറടക്കിയിരിക്കുന്നത്. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടർമാരാകും പോസ്‌റ്റ്‌മോര്‍ട്ടം നടത്തുക. അതിലെ കണ്ടെത്തലുകള്‍ കേസന്വേഷണത്തില്‍ നിർണായകമാകും.
Also Read: ദൂരുഹത മാറാതെ ആത്മഹത്യ; മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്യാനൊരുങ്ങി പൊലീസ്
റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹ്നുവിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവച്ചെന്നാണ് ബന്ധുക്കളുടെ പരാതി. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടം നടത്താനായി അനുമതി വാങ്ങിയത്.
മാർച്ച് ഒന്നിന് ദുബൈയിലെ ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബൈ പൊലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ടുനല്‍കിയത്.