കോഴിക്കോട് : കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി തെരുവ് നായകളുടെ സംരക്ഷകയാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍സ് പ്രസിഡന്‍റ് ഷൈമ. വളർത്തോമനയായതിന് ശേഷം ഉപേക്ഷിക്കപ്പെട്ടവയും പരിക്കേറ്റ് ചത്തുജീവിച്ചവയും കൊവിഡ് കാലത്ത് പെറ്റ്സ് ഷോപ്പിൽ പൂട്ടിയിട്ട് ജീവനോട് മല്ലടിച്ചവയും ഈ വീട്ടിലുണ്ട്. ഇവർക്കെല്ലാം ആരോഗ്യം തിരിച്ചുകിട്ടി, ആയുസും.
ഇതുപോലെ ഓരോ ജില്ലയിലും തെരുവ് നായകൾക്കായി ആശ്രയ കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഷൈമയുടെ പക്ഷം. തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിന് പകരം എബിസി (ആനിമൽ ബെർത്ത് കൺട്രോൾ) പദ്ധതിയിലൂടെ നായകളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കി തെരുവില്‍ തന്നെ സംരക്ഷിക്കണമെന്ന നിയമം നടപ്പാക്കണമെന്നും ഷൈമ പറയുന്നു.
കേരളത്തില്‍ തെരുവുനായ ശല്യം അതിന്‍റെ പാരമ്യതയില്‍ എത്തിയിരിക്കുന്നു. ഈ വര്‍ഷം ഇതുവരെ 21 പേർ പേവിഷബാധയേറ്റ് മരിച്ചു. ഒന്നര ലക്ഷത്തിലേറെ പേർ പേവിഷബാധ ചികിത്സയ്ക്ക് വിധേയരായി. മനുഷ്യര്‍ക്ക് പുറമേ കന്നുകാലികളും പേവിഷബാധയേറ്റ് ചത്തു.
നാട്ടിലാകെ നായകടി വർധിച്ചപ്പോൾ സർക്കാരിൻ്റെ ശ്രദ്ധ പതിഞ്ഞു. തെരുവ് നായ്‌ക്കള്‍ക്ക് വാക്‌സിനേഷൻ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ നായകള്‍ക്കായി വിരിച്ചിരിക്കുന്ന ഈ വല കൊണ്ട് ശാശ്വത പരിഹാരമുണ്ടാകുമോ? ഇതിനായി വിശദമായൊരു മാർഗരേഖ തയ്യാറാക്കിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ് ജോയിന്‍റ് ഡയറക്‌ടര്‍ ഡോ. കെകെ ബേബി.
തെരുവ് നായ്ക്കളില്‍ ഒരു വിഭാഗം ഇപ്പോൾ അക്രമാസക്തരായിരിക്കുന്നതിൻ്റെ കാരണങ്ങൾ:
- തെരുവില്‍ നായ്ക്കളുടെ സാന്നിധ്യം അനുവദനീയമായതിലും കൂടി
- എബിസി ചെയ്‌ത സ്ഥലങ്ങളില്‍ മൃദു സ്വഭാവമുള്ളവയെ വന്ധ്യംകരിച്ചതിനാല്‍ വീര്യവും കൗശലവും കൂടി നായപിടിത്തക്കാരില്‍ നിന്നും രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നായ്ക്കള്‍ (Feral Dogs) അക്രമണ വാസനയുള്ളവരാകാം
- തെരുവില്‍ ഭക്ഷണം കിട്ടാതെ വരുമ്പോള്‍ വിശപ്പുകാരണം ഇവ മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുന്നു
- മനുഷ്യന്‍ ആദ്യം ഇണക്കി വളര്‍ത്തിയ സന്തത സഹചാരിയായ നായയ്ക്ക് മനുഷ്യ സാമീപ്യത്തില്‍ വളരുന്നതാണ് ശീലം. മനുഷ്യരുടെ പ്രകോപനം അവയില്‍ വിപരീത ഫലമുണ്ടാക്കുന്നു
- നായയെ കാണുമ്പോള്‍ ഓടുന്നതും അതിനെ ആക്രമിക്കുന്നതും തെരുവ് നായ്ക്കളില്‍ മനുഷ്യരോട് സ്നേഹത്തിന് പകരം ദേഷ്യമുണ്ടാകുന്നതിന് (അഡ്രിനാലിന്‍ ഹോര്‍മോണ്‍) കാരണമാകുന്നു
- ചില അവസരങ്ങളില്‍ വര്‍ധിച്ചുവരുന്ന മാലിന്യം (അറവുമാലിന്യം, വീടുകള്‍, ഹോട്ടല്‍, കല്യാണ മണ്ഡപങ്ങള്‍, മറ്റ് ആഘോഷങ്ങള്‍) നായ്ക്കള്‍ക്ക് കൂടുതല്‍ ഭക്ഷണം ലഭിക്കുന്നതിനും ചിലപ്പോള്‍ ഭക്ഷണം കിട്ടാതെ വരുമ്പോള്‍ ആക്രമണ സ്വഭാവം കാണിക്കുന്നതിനും കാരണമാകുന്നു
- വാഹനങ്ങള്‍ ഇടിച്ചും കല്ലെറിഞ്ഞും തെരുവ് നായ്ക്കളെ ചിലര്‍ ഉപദ്രവിക്കുമ്പോള്‍ നായ്ക്കള്‍ വാഹനങ്ങള്‍ക്ക് കുറുകെ ചാടുകയോ യാത്രികരെ ആക്രമിക്കുകയോ ചെയ്യുന്നു
- നിര്‍ത്തിയിട്ട വാഹനങ്ങളുടെ ടയറുകളില്‍ മൂത്രമൊഴിക്കുന്നത് ആൺപട്ടികളുടെ സ്വഭാവമാണ്. ഈ വാഹനം മറ്റുള്ള സ്ഥലത്തെ നായ്ക്കളുടെ അടുത്തുകൂടി പോകുമ്പോള്‍ ടയറിലെ മണം തിരിച്ചറിഞ്ഞ് കുരച്ചുകൊണ്ട് പുറകെ ഓടാറുണ്ട് (നായ്ക്കളുടെ ടെറിട്ടോറിയല്‍ സ്വഭാവം)
നായ്ക്കളെ കൊന്നൊടുക്കുന്നത് ഫലം കാണുമോ? : 2001 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജന്തുജനന നിയന്ത്രണ നിയമ പ്രകാരം (ABC-Animal Birth Control) തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിനു പകരം എബിസി പരിപാടിയിലൂടെ നായ്ക്കളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കി തെരുവില്‍ തന്നെ സംരക്ഷിക്കണമെന്ന നിയമം നിലവില്‍ വന്നു. 2017 വരെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും പദ്ധതി ഏറ്റെടുത്ത് കാര്യക്ഷമമായി നടപ്പിലാക്കിയില്ല.
തുടര്‍ന്ന് കുടുംബശ്രീ മുഖേന കുറേ നായ്ക്കളെ വന്ധ്യംകരണം ചെയ്‌തത് പലപ്പോഴും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജിയര്‍ (SOP) പ്രകാരമല്ലായിരുന്നു. എബിസി പദ്ധതികള്‍ പലപ്പോഴും കണക്കില്‍ മാത്രമാണുണ്ടായിരുന്നത്. എണ്ണം തികയ്ക്കുന്നതിന് വേണ്ടി വന്ധ്യംകരണം നടത്താതെ ചെവിയില്‍ ‘V’ നോച്ചിങ് ചെയ്‌ത സംഭവങ്ങള്‍ വരെ ഉണ്ടായി.
എസ്‌ഒപി പാലിയ്ക്കാതെ ഒരു മേശയില്‍ തന്നെ പത്തിലധികം ശസ്ത്രക്രിയകള്‍ പല ഡോക്‌ടര്‍മാരെക്കൊണ്ടും ഇവര്‍ ചെയ്യിപ്പിച്ചു. ക്രൂരത അതിരുകടന്നപ്പോള്‍ മൃഗസ്നേഹികള്‍ കോടതികളെ സമീപിച്ച് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (AWBI) അംഗീകാരമുള്ള സംവിധാനങ്ങള്‍ മാത്രം എബിസി പദ്ധതി ചെയ്‌താല്‍ മതിയെന്ന ഉത്തരവ് നേടിയെടുത്തു.
അതോടെ പേരിന് ചെയ്‌തിരുന്ന എബിസിയും മുടങ്ങി. അതേസമയം കൃത്യമായി എസ്‌ഒപി പാലിച്ചുകൊണ്ട് എബിസി ചെയ്‌ത കോഴിക്കോട് കോര്‍പറേഷന്‍ പോലുള്ള സ്ഥലങ്ങളുണ്ട്. കാസര്‍കോട്, കൊല്ലം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ എബിസി പ്രവര്‍ത്തനം കുഴപ്പമില്ലാതെ നടന്നുവന്നിരുന്നു.
2020 ഓടുകൂടി കോഴിക്കോട് കോര്‍പറേഷന്‍ ഒഴികെ മിക്ക സ്ഥലങ്ങളിലും എബിസി പ്രവര്‍ത്തനം നിശ്ചലമായിരിക്കുകയാണ്. ഇനി തെരുവ് നായ്ക്കളെ മുഴുവനായി കൊന്നൊടുക്കുന്നതിനോ ഷെല്‍ട്ടറുണ്ടാക്കി പാര്‍പ്പിക്കുന്നതിനോ മുതിരുന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍ താഴെപ്പറയുന്നവ സംഭവിക്കും.
- ടെറിട്ടോറിയല്‍ മൃഗങ്ങളായ തെരുവ് നായ്ക്കളെ പ്രത്യേകസ്ഥലത്ത് പൂട്ടുകയും മാറ്റപ്പെടുന്ന സ്ഥലങ്ങളില്‍ വീണ്ടും ഭക്ഷണം ലഭ്യമാകുകയും ചെയ്‌താല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് നായ്ക്കള്‍ കടന്നുവരും
- എലികളുടെ എണ്ണം ക്രമാതീതമായി പെരുകിയാല്‍ എലിപ്പനി പോലുള്ള മാരക രോഗങ്ങള്‍ തിരിച്ചുവരികയോ കൂടുകയോ ചെയ്യും. എലിയുടെ പെരുകല്‍ പ്ലേഗിന്‍റെ തിരിച്ച് വരവിന് കാരണമായത് 2001ലെ സൂറത്തിന്‍റെ അനുഭവം നമുക്ക് മുന്‍പിലുണ്ട്
- നായ്ക്കള്‍ മാറ്റപ്പെടുമ്പോള്‍ വീടിന്‍റെ ഉമ്മറം വരെ കുറുക്കന്‍ വന്ന് ഓരിയിടുകയും അവസരം കിട്ടിയാല്‍ മനുഷ്യരെയും മൃഗങ്ങളെയും കടിക്കുകയും ചെയ്യും
- പ്രകൃതിയില്‍ റാബീസ് വൈറസിന്‍റെ വാഹകരാണ് കുറുക്കന്മാര്‍. തെരുവ് നായ്ക്കളില്‍ റാബീസ് രോഗമുള്ളവ വളരെ കുറവും രോഗമുള്ളവ ഏഴ് ദിവസത്തിനുള്ളില്‍ മരണപ്പെടുകയും ചെയ്യും. മൃഗങ്ങളുടെ മുഖത്തും മനുഷ്യരുടെ മര്‍മസ്ഥാനത്തും കടിക്കുന്ന കുറുക്കന്മാരുടെ ആക്രമണം റാബീസ് ബാധയെ ഉറപ്പിക്കുകയാണ് ചെയ്യുക.
- Hyaluanidance എന്ന എൻസൈമിന്‍റെ സാന്നിധ്യം കുറുക്കന്മാരുടെ ഉമിനീരില്‍ ഉള്ളതിനാല്‍ കടിയേല്‍ക്കുന്ന സ്ഥലത്തെ കോശങ്ങളില്‍ കൂടി വൈറസ് കൂടുതല്‍ പെരുകുന്നതിന് അവസരം ലഭിക്കുന്നു. കുറുക്കന്‍റെ ഓരോ കടിയും റാബീസ് ബാധയെ വര്‍ധിപ്പിക്കുന്നു. രോഗമില്ലാത്ത കുറുക്കനും ചെന്നായയും റാബീസ് വൈറസിന്‍റെ വാഹകരാണ്.
- നായ്ക്കളെ മാറ്റി പാര്‍പ്പിക്കുന്നതിലൂടെ കാട്ടുപന്നികളുടെ സാന്നിധ്യവും ഉപദ്രവവും വര്‍ധിക്കുന്നു. അവ മനുഷ്യന് ദോഷമായി ഭവിക്കുന്നു.
ഇനി നായയുടെ കടി എങ്ങിനെ ഒഴിവാക്കാം. നായയുടെ കടി പൂര്‍ണമായും ഒഴിവാക്കാൻ സാധിക്കില്ലെങ്കിലും കുറച്ച് ശ്രദ്ധിച്ചാല്‍ കടി വളരെയധികം കുറയ്ക്കുന്നതിന് സാധിക്കും.
- ഒരു നായയുടെ ടെറിട്ടറിയിലേയ്ക്ക് പെട്ടെന്ന് കയറരുത്
- നായയെ കാണുമ്പോള്‍ ഭയപ്പെടരുത്, നായയെ ഭയപ്പെടുത്തുകയുമരുത്
- നായുടെ കണ്ണില്‍ തുറിച്ച് നോക്കരുത്, നായ നമ്മെ നോക്കുന്നുണ്ടെങ്കിലും അതിനെ നാം നോക്കുന്നതായി അതിന് തോന്നരുത്
- ഭക്ഷണം നല്‍കിയിട്ട് പിൻവലിക്കരുത്, ഭക്ഷണം കഴിക്കുമ്പോള്‍ ശല്യപ്പെടുത്തരുത്
- നായ്ക്കളുടെ പ്രസവം, മുലയൂട്ടല്‍, ഇണചേരല്‍ മുതലായ സമയങ്ങളില്‍ അതിന്‍റെ അടുത്തേയ്ക്ക് പോകുകയോ, ഉപദ്രവിക്കുകയോ അരുത്
- ലക്ഷ്യമില്ലാതെ ഓടി വരുന്ന നായയുടെ സഞ്ചാരപഥത്തില്‍ നിന്ന് മാറി നില്‍ക്കുക
- നായയെ കണ്ടാല്‍ ഭയചകിതരായി ഓടുന്നത് കഴിയുന്നതും ഒഴിവാക്കണം
- റോഡില്‍ കടി പിടി കൂടുന്ന നായ്ക്കളുടെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുക
- നായ അറിയാതെ അതിനെ തൊടാന്‍ ശ്രമിക്കരുത്
- വാഹനങ്ങള്‍ കൊണ്ട് നായ്ക്കളെ ആക്രമിക്കരുത്
- നായ്ക്കളുടെ ശല്യമുള്ള സ്ഥലത്ത് കുട്ടികളെ ഒറ്റയ്ക്ക് നിര്‍ത്തരുത്
- അവയെ കല്ലെടുത്ത് എറിയരുത്, ഉപദ്രവിക്കരുത്
ശാസ്ത്രീയമായതും പ്രായോഗികവുമായ ഒരു സമീപനം നാം സ്വീകരിക്കുമ്പോൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍:
യുദ്ധകാലാടിസ്ഥാനത്തില്‍ എസ്‌ഒപി പാലിച്ചുകൊണ്ട് വെറ്ററിനറി ക്ലിനിക്കല്‍ സ്ഥാപനങ്ങളോട് ചേര്‍ന്നല്ലാതെ എബിസി സെന്‍ററുകള്‍ സ്ഥാപിക്കുക. അവയ്ക്ക് കെന്നലുകള്‍, ഓപ്പറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപ്പറേഷന്‍ മുറികള്‍, ഡ്രസിങ്, ഓട്ടോക്ലാവിങ്ങ് ഇന്‍സ്ട്രുമെന്‍റേഷന്‍, പ്രിപ്പറേഷന്‍ റൂം എന്നിവ ഉണ്ടായിരിക്കണം. വെറ്ററിനറി ക്ലിനിക്കിനോട് ചേര്‍ന്ന് എബിസി സെന്‍റര്‍ സ്ഥാപിച്ചാല്‍ വെറ്ററിനറി ക്ലിനിക്കിലെത്തുന്ന ഉടമസ്ഥ നായ്ക്കള്‍ക്കും തിരിച്ചും ക്രോസ് അണുബാധയുണ്ടാകുന്നതിനും അതിലൂടെ മരണം കൂടുന്നതിനും കാരണമാകുന്നതാണ്.
- പൊതുജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാകാതെ 5 മീറ്റര്‍ ഉയരമുള്ള ചുറ്റുമതില്‍, ഗേറ്റ്, വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് എന്നിവ സജ്ജീകരിക്കണം
- ശസ്ത്രക്രിയ മാലിന്യങ്ങള്‍ ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയോ ഇമേജ് (IMAGE) പോലുള്ള സംഘടനകള്‍ക്ക് നല്‍കുകയോ ചെയ്യുക
- അടിയന്തരമായി താത്പര്യമുള്ളവരെ കണ്ടെത്തി നായ പിടിത്തത്തിന് പരിശീലനം നല്‍കുക. അവര്‍ക്ക് എബിസി ഹാന്‍ഡ്‌ലേഴ്‌സ് എന്നോ അനിമല്‍ ഹാന്‍ഡ്‌ലേഴ്‌സ് എന്നോ പേര് നല്‍കുക
- കമ്മ്യൂണിറ്റി നായ്ക്കളെ പിടിച്ച് ശീലിപ്പിക്കുന്നതോടൊപ്പം നമ്മുടെ സംസ്ഥാനത്തെ അക്രമം കൂടിയ സമര്‍ഥരായ നായ്ക്കളെ (Feral Dogs) പിടിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കി പരിശീലിപ്പിക്കണം
- ഡോഗ് ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഇത്തരം നായ്ക്കളെ ഡോഗ് ഷെല്‍ട്ടറിലെത്തിക്കണം
- നായ്ക്കൂട്ടങ്ങളിലെ അക്രമണകാരികളായ നായ്ക്കളെ (Feral Dogs) ഡോഗ് ഷെല്‍ട്ടറിലേക്ക് മാറ്റിയാല്‍ മതിയാകും
- ശാന്ത സ്വഭാവമുള്ള നായ്ക്കളെ രണ്ടാംഘട്ടത്തില്‍ പിടിക്കുന്നതായിരിക്കും നല്ലത്
- ശാന്തസ്വഭാവമുള്ളവയെ പിടിക്കുമ്പോള്‍ അവയെ പ്രത്യേകം അടയാളപ്പെടുത്തി വന്ധ്യംകരിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ ഒരു നായ ഗ്രൂപ്പിലെ (Pack) പെണ്‍നായ ഇണ ചേരേണ്ടപ്പോള്‍ ഇവയെ തന്നെ സമീപിക്കും. കാസ്ട്രേഷന്‍ (Castration) ചെയ്‌തുകഴിഞ്ഞാല്‍ ഈ നായയെ ഇണ ചേര്‍ക്കുന്നത് അക്രമ സ്വഭാവമുള്ള നായയോ അല്ലെങ്കില്‍ അടുത്ത പാര്‍ക്കിലെ നായയോ ആയിരിക്കും. അത് കൂടുതല്‍ അക്രമ സ്വഭാവമുള്ള നായയെ തെരുവില്‍ സൃഷ്‌ടിക്കും. ആൺനായ്ക്കള്‍ മുഴുവൻ കാസ്ട്രേഷന് വിധേയമായാല്‍ കുറുക്കൻമാരുമായി പെൺനായ്ക്കള്‍ ഇണ ചേര്‍ന്ന് നായ്ക്കുറുക്കൻമാര്‍ ഉണ്ടാകുന്നതിന് കാരണമാകും.
- ABC-ARV (Anti Rabies Vaccination) പരിപാടി എട്ട് വര്‍ഷത്തേയ്ക്കുള്ള പദ്ധതിയായി പ്രഖ്യാപിക്കുക. ഓരോ എബിസി സെന്‍ററിലും ചുരുങ്ങിയത് 4-5 ഓപ്പറേഷന്‍ ഒരേ സമയം ചെയ്യുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുകയും അത്ര തന്നെ സര്‍ജന്‍മാരെയും എട്ടുമുതല്‍ പത്ത് വരെ (8-10) എബിസി ഹാൻഡിലേഴ്‌സിനെയും നിയമിക്കണം.
- എല്ലാവര്‍ക്കും പ്രതിമാസ വേതനവും പ്രതിമാസ എണ്ണവും ടാര്‍ജറ്റും നല്‍കണം. ആദ്യ റൗണ്ടില്‍ ഓരോ റൗണ്ടില്‍ ആക്രമ സ്വഭാവമുള്ളവയെ പിടിക്കുന്നതിനും ആണ്‍പട്ടികളെ കാസ്ട്രേഷന്‍ ചെയ്യുന്നതിനും ശ്രമിക്കണം.
- നായ്ക്കളെ പിടിക്കുന്ന എണ്ണത്തിന് പണം നല്‍കിയാല്‍ കൂടുതലും ശാന്തസ്വാഭാവമുള്ള നായ്ക്കളെ മാത്രമേ പിടികൂടുകയുള്ളൂ, അക്രമ സ്വഭാവമുള്ളവയെ പിടിക്കണമെങ്കില്‍ അവയെ വളഞ്ഞിട്ട് പിടികൂടേണ്ടി വരും. ആയതിനാല്‍ എബിസി ഹാൻഡ്‌ലേഴ്‌സിന് ശമ്പളം നല്‍കുന്നതാണ് ഉത്തമം.
- ഡോഗ് വാനുകളും ക്യാച്ചിങ് ഉപകരണങ്ങളും നന്നായി കഴുകി വൃത്തിയാക്കി, മണം കൊണ്ട് നായ്ക്കള്‍ക്ക് അവയെയും, എബിസി ഹാൻഡ്‌ലേഴ്‌സിനെയും തിരിച്ചറിയാത്ത രീതിയില്‍ ക്ലീനായി സൂക്ഷിക്കണം
- ആഴ്‌ചയില്‍ മൂന്ന് ദിവസം എബിസി ചെയ്യുന്നതിനും ബാക്കി മൂന്ന് ദിവസം തെരുവ് നായ്ക്കളില്‍ എആര്‍വി (റാബീസ് പ്രതിരോധ കുത്തിവയ്‌പ്) ചെയ്യുന്നതിനും പദ്ധതി തയാറാക്കണം
- ഒരു പ്രദേശത്ത് എആര്‍വി ചെയ്യുമ്പോള്‍ ആ പ്രദേശത്തെ കഴിയുന്നത്രയും എല്ലാ നായ്ക്കളെയും എആര്‍വി ചെയ്‌തുവെന്ന് ഉറപ്പാക്കണം
- ആദ്യ ദിവസം കൈകൊണ്ട് പിടിക്കുവാൻ പറയുന്നവയെ എആര്‍വി ചെയ്‌ത് പെയിന്‍റ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും 2-3 ദിവസങ്ങളില്‍ നെറ്റ് ഉപയോഗിച്ച് പിടിക്കുകയും വേണം. പെയിന്‍റ് ഒരാഴ്‌ച മാത്രം നായയുടെ ശരീരത്തില്‍ നില്‍ക്കുന്നതിനാല്‍ ഒരാഴ്‌ചയ്ക്കുള്ളില്‍ ആ പ്രദേശത്തെ മുഴുവൻ നായ്ക്കളെയും എആര്‍വി ചെയ്യണം.
- റെസിഡൻസ് അസോസിയേഷൻ, അയല്‍ക്കൂട്ടങ്ങള്‍ എന്നിവര്‍ മുന്നിട്ടിറങ്ങി അവരുടെ പ്രദേശത്തുള്ള തെരുവ് നായ്ക്കളുടെ എണ്ണം തിട്ടപ്പെടുത്തണം. അവയുടെ വയറ് പകുതി/മുക്കാല്‍ ഭാഗം നിറയുന്നതിനാവശ്യമായ ഭക്ഷണം ഒരു പ്രത്യേക സ്ഥലത്ത് ദിവസവും ആ പ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിച്ച് നല്‍കണം. കഴിയുന്നത്ര ആളുകള്‍ മാറി മാറി ഈ ഭക്ഷണം നല്‍കല്‍ തുടര്‍ന്നാല്‍, തെരുവ് നായ്ക്കള്‍ അവയുടെ സ്വഭാവ രീതി കൊണ്ട് തന്നെ അക്രമണ സ്വഭാവം വെടിഞ്ഞ് ശാന്തവും നന്ദി നിറഞ്ഞ സ്വഭാവം സ്വീകരിച്ച് കമ്മ്യൂണിറ്റി ഡോഗുകളായി മാറുന്നതാണ്. നായ്ക്കള്‍ക്ക് ഭക്ഷണം എറിഞ്ഞ് കൊടുക്കരുത്.
- കേരളത്തിലെ തെരുവ് നായ്ക്കളെ മുഴുവൻ ഇത്തരത്തില്‍ കമ്മ്യൂണിറ്റി നായ്ക്കളായി മാറ്റി, കുറുക്കൻ, കാട്ടുപന്നി, എലി, പാമ്പ് തുടങ്ങിയ ജീവികളില്‍ നിന്ന് അവര്‍ നമ്മെ സംരക്ഷിക്കുകയും ഒരു നേരത്തെ ഭക്ഷണം നല്‍കി നമുക്ക് അവരെ സംരക്ഷിക്കുകയും ചെയ്യാം. ഹോട്ടലുകള്‍, വീടുകള്‍ എന്നിവയോട് ചേര്‍ന്ന് ഗ്രൂപ്പുകളല്ലാതെ അവര്‍ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ച് ജീവിക്കുന്ന കമ്മ്യൂണിറ്റി നായ്ക്കളുടെ വാക്‌സിനേഷൻ പോലുള്ള ഉത്തരവാദിത്വം പ്രസ്‌തുത ആളുകള്‍ തന്നെ മുൻകൈ എടുത്ത് ചെയ്യിപ്പിക്കേണ്ടതാണ്.
- നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് റെസിഡൻസ് അസോസിയേഷൻ, മൃഗസ്‌നേഹി സംഘടനകള്‍, കുടുംബശ്രീ തുടങ്ങിയവരെ ഏകോപിപ്പിച്ച് കൊണ്ട് അതത് വാര്‍ഡ് കൗൺസിലര്‍മാര്‍ നേതൃത്വം നല്‍കണം
- പ്രസ്‌തുത സ്ഥലത്ത് മറ്റ് ഭക്ഷണ യോഗ്യമായ മാലിന്യങ്ങള്‍ വരുന്നില്ലെന്ന് ഇവര്‍ ഉറപ്പ് വരുത്തണം
- അക്രമത്തിലും അപകടത്തിലും പരിക്കേല്‍ക്കുന്ന നായ്ക്കളെ എബിസി സംവിധാനം ഉപയോഗിച്ച് ചികിത്സിച്ച് ഡോഗ് ഷെല്‍ട്ടറുകള്‍ ഉണ്ടാക്കി അവയിലേയ്ക്ക് മാറ്റണം. (കോടതിയുടെ നിര്‍ദേശം ഇപ്പോള്‍ തന്നെയുണ്ട്.)
- എബിസി-എആര്‍വി പദ്ധതി 8 വര്‍ഷത്തേയ്ക്കുള്ള തുടര്‍ പദ്ധതിയായി പ്രഖ്യാപിച്ച് ഓരോ എബിസി സെന്‍ററിലും 4-5 ഡോക്ടേഴ്‌സ്, 8-10 എബിസി ഹാൻഡ്‌ലേഴ്‌സ്, സ്വീപ്പര്‍ തുടങ്ങിയവരെ മാസ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ 8 വര്‍ഷത്തേയ്ക്ക് നിയമിക്കുകയും, ജില്ല, സംസ്ഥാന തലത്തില്‍ ഇതിന് ശക്തമായ മോണിറ്ററിങ് നടത്തുകയും കാലാനുസൃതമായി ഉണ്ടാക്കുന്ന വിഷയങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ വരുത്തുകയും വേണം.
- പ്രത്യേകം രൂപവത്കരിച്ച ഡോഗ് വാനുകള്‍ വാങ്ങിക്കുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യണം. ഇവയില്‍ പിടികൂടുന്ന നായ്ക്കളെ പുറത്തുചാടാതെ സുരക്ഷിതമായി കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള കൂട്, 4-5 എബിസി ഹാൻഡ്‌ലേഴ്‌സിന് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവ വേണം.
- കട്ടിയുള്ള റബര്‍ ഗ്ലൗസും (Gloves) വൃത്തിയുള്ള യൂണിഫോമുകളും ഡോഗ് ഹാന്‍ഡ്‌ലേഴ്‌സിനും എബിസി സര്‍ജന്മാര്‍ക്കും നല്‍കണം
- എല്ലാവര്‍ക്കും പ്രതിരോധ എആര്‍വി വാക്‌സിനേഷനുകള്‍ സമയാസമയങ്ങളില്‍ എടുക്കണം
- 7-8 വര്‍ഷം കൊണ്ട് പദ്ധതി അവസാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആദ്യവര്‍ഷം മുതല്‍ ഷെഡ്യൂള്‍ ചെയ്യണം
- നായ്ക്കളുടെ സ്വഭാവരീതി അവയോടുള്ള പെരുമാറ്റരീതി തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും ബോധവത്കരിക്കുക
- തമാശയ്ക്ക് പോലും വാഹനം ഉപയോഗിച്ച് നായ്ക്കളെ ഉപദ്രവിക്കുന്നത് നിര്‍ത്തുക. ദൂരയാത്രയ്ക്ക് പോയതോ കൂടുതല്‍ നിര്‍ത്തിയിട്ടിട്ടുള്ളതോ ആയ വാഹനങ്ങളുടെ ടയറുകള്‍ കഴുകുന്നത് അവയില്‍ നായ് മൂത്രം പറ്റിയിട്ടുണ്ടെങ്കില്‍ ഒഴിവാക്കുന്നതിന് നന്നായിരിക്കും
- എബിസി ചെയ്‌ത് വിജയിപ്പിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളിലും പദ്ധതി തുടങ്ങി 4,5 വര്‍ഷങ്ങളില്‍ നായ്ക്കളുടെ ആക്രമണം കൂടിയിട്ടുള്ളതായി കാണുന്നു. അതിനാല്‍ ആദ്യഘട്ടത്തില്‍ തന്നെ വീര്യം കൂടിയ കൗശലക്കാരെ കണ്ടെത്തി കാസ്ട്രേഷൻ ചെയ്യുന്നതില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
- കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി നായ്ക്കളെയും പൂച്ചകളേയും വാങ്ങിക്കുകയും ജോലിഭാരം കൂടുമ്പോള്‍ നോക്കുവാന്‍ ആളില്ലാത്ത ഘട്ടങ്ങളിലോ അസുഖം വന്ന് ചികിത്സിക്കാന്‍ മടിക്കുമ്പോഴൊക്കെ ഇവയെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്.
- വളര്‍ത്തുനായ്ക്കളില്‍ നിക്ഷേപിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ മൈക്രോ ചിപ്പ് ലഭ്യമാക്കുകയും വാക്‌സിനേഷന് മുമ്പ് പെറ്റ് പാരന്‍റ്സ് ഇവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കി, വാക്‌സിനേഷന്‍ സമയത്ത് മൃഗങ്ങളില്‍ സ്ഥാപിക്കുകയും പ്രസ്‌തുത സര്‍ട്ടിഫിക്കറ്റുമായി പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ പോയി ലൈസന്‍സ് ലഭ്യമാക്കുകയും ഓരോ വര്‍ഷവും ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസ് എടുക്കുകയും ആയത് ചിപ്പില്‍ ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യണം.
- തെരുവിലേയ്ക്ക് ഏതെങ്കിലും ഓമന മൃഗത്തെ ഉപേക്ഷിക്കപ്പെട്ടാല്‍ മൈക്രോചിപ്പ് നോക്കി ഉടമസ്ഥരെ കണ്ടെത്തുകയും ആയതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക
- എല്ലാ ഓമന മൃഗങ്ങള്‍ക്കും ലൈസന്‍സ് എടുത്തുവെന്ന് മൃഗസംരക്ഷണ, പഞ്ചായത്ത് വകുപ്പ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്രോസ് പരിശോധന നടത്തുക
- എല്ലാ മൃഗാശുപത്രികളിലും എബിസി സെന്‍ററുകളിലും മൈക്രോചിപ്പ് റീഡര്‍ അല്ലെങ്കില്‍ മൈക്രോ ചിപ്പ് റീഡിങ് മൊബൈല്‍ ആപ്ലിക്കേഷനില്‍ സംവിധാനമൊരുക്കുക
- മൃഗങ്ങളിലും മനുഷ്യരിലും ഉപയോഗിക്കുന്ന വാക്‌സിന്‍റെ പ്രതിരോധ ശേഷി, തിട്ടപ്പെടുത്തി നിര്‍ദിഷ്‌ട സാന്ദ്രത (Potency) ഉറപ്പുവരുത്തുകയും വാക്‌സിന്‍ സൂക്ഷിക്കുന്ന കോള്‍ഡ് ചെയിന്‍ മുറിയാതെയും സൂക്ഷിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. (WHO Standard – Human being OIE Standard for Animals)
- ജില്ല തലത്തില്‍ മോണിറ്ററിങ് സമിതി (കലക്‌ടര്‍, ജോയിന്‍റ് ഡയറക്‌ടര്‍ (എഎച്ച്ഡി) ജോയിന്‍റ് ഡയറക്‌ടര്‍, എല്‍എസ്‌ജി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പിഡബ്ല്യുഡി എന്നിവരെയും നിര്‍വഹണ ഉദ്യോഗസ്ഥനെയും ഡിഡി (എഎച്ച്) നിയമിക്കുക.
- നിലവില്‍ വളര്‍ത്തുന്ന വിദേശയിനം പട്ടികള്‍ക്ക് പകരം രോഗപ്രതിരോധ ശേഷിയും സ്നേഹവുമുള്ള നാടൻപട്ടികളെ വളര്‍ത്തുവാൻ ആളുകള്‍ മുന്നോട്ട് വരുന്നതിനുവേണ്ടി അവരെ ബോധവത്കരിക്കുക. ‘ഓര്‍ഫൻ ഡോഗ് അഡോപ്ഷൻ' പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതാണ്. തദ്ദേശീയമായി നിലവിലുള്ള കേരള ഡോഗ് ഇനം ബ്രീഡ് ക്യാരക്‌ടറുകള്‍ വെറ്ററിനറി സര്‍വകലാശാലയെ കൊണ്ട് നിര്‍ണയിപ്പിക്കുക.
- സംസ്ഥാന തലത്തില്‍ വിവിധ (LSG, AHD, Health, PWD) വകുപ്പ് സെക്രട്ടറിമാര്‍, മന്ത്രിമാര്‍, അധ്യക്ഷന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി മോണിറ്ററിങ് സമിതിയും സംസ്ഥാനതലത്തില്‍ നിര്‍വഹണം ഏകോപിപ്പിക്കുവാന്‍ അഡീഷണല്‍ ഡയറക്‌ടര്‍ (എഎച്ച്‌ഡി) അല്ലെങ്കില്‍ ജോയിന്‍റ് ഡയറക്‌ടറെയും (ജെഡി എല്‍എസ്‌ജി) നിയമിക്കുക. അല്ലെങ്കില്‍ എബിസി പദ്ധതി നടപ്പിലാക്കി പരിചയമുള്ള റിട്ടയര്‍ ചെയ്‌ത മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമിക്കുക.
ഇത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന്‍റെ വിഷയമാണ്. തെരുവ് നായ ശല്യം രൂക്ഷമാകുമ്പോള്‍ ഷോര്‍ട്ട് കട്ടിലൂടെ ഈ വിഷയം തീര്‍ക്കുവാന്‍ കഴിഞ്ഞ കുറേക്കാലമായി നാം ശ്രമിച്ചുവരുന്നു. ഒന്നും തന്നെ ലക്ഷ്യം കണ്ടില്ല. ഇനിയെങ്കിലും ഭരണാധികാരികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൈകോര്‍ത്ത് പിടിച്ച് ഈ സംരംഭത്തെ വിജയത്തിലേയ്ക്ക് നയിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
അതിന് ഏറ്റവും ഉത്തമം എബിസി-എആര്‍വി പദ്ധതി ഒരു 8 വര്‍ഷ പദ്ധതിയായി തുടങ്ങി, മതിയായ ജീവനക്കാരെ നിയമിച്ച് സുസ്ഥിരമായി നടപ്പിലാക്കുക എന്നതാണ്. നിലവില്‍ 100 ശതമാനവും വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരെ തെരുവ് നായ്ക്കളുടെ എആര്‍വിയ്ക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ സുസ്ഥിരമായ ഒരു പ്രവര്‍ത്തനം സാധ്യമാകണമെന്നില്ല.