കോഴിക്കോട്: ജില്ലയുടെ അതിര്‍ത്തി മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന വിവിധ മേഖലകളില്‍ ആയുധങ്ങള്‍ക്കും, സ്‌ഫോടകവസ്തുക്കള്‍ക്കുമായി പൊലീസ് പരിശോധന ശക്തമാക്കി. ജില്ല പൊലീസ് മേധാവി ഡോ എ ശ്രീനിവാസിന്‍റെ നിര്‍ദ്ദേശ പ്രകാരം നാദാപുരം, വളയം പൊലീസും പയ്യോളിയില്‍ നിന്നെത്തിയ ഡോഗ്, ബോംബ് സ്‌ക്വാഡും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വളയം സ്റ്റേഷന്‍ പരിധിയിലെ ചെറ്റക്കണ്ടി, ഉമ്മത്തൂര്‍, മുണ്ടത്തോട് പാലം, താനക്കോട്ടൂര്‍ മേഖലകളിലാണ് പരിശോധന ആരംഭിച്ചത്.
പെരിങ്ങത്തൂര്‍ മേഖലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്ന് ബോംബുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ നിര്‍മ്മാണം നടക്കുന്നതായി പൊലീസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മേഖലകളില്‍ റെയ്ഡ് നടത്തിയത്.
അതിര്‍ത്തി പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പറമ്പുകളും, ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും ഒളിപ്പിച്ച് വക്കാന്‍ സാധ്യത ഏറിയ കാട് മൂടിയ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ബോംബ് സ്‌ക്വാഡിലെ സ്‌നിഫര്‍ വിഭാഗത്തില്‍ പെട്ട ലക്കി, ജിക്കി എന്നീ പൊലീസ് നായകളും തിരച്ചിലില്‍ പങ്ക് ചേര്‍ന്നു. വളയം സിഐ പിആര്‍ മനോജ്, ബോംബ് സ്‌ക്വാഡ് എഎസ്ഐ നാണു തറവട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.