കോഴിക്കോട്: ചേവരമ്പലം ബൈപാസിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്. ഇന്ന് (23.05.2022) പുലർച്ചെ 3.45നായിരുന്നു അപകടം. എറണാകുളത്ത് നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് തിരികെ മടങ്ങിയവർ സഞ്ചരിച്ചിരുന്ന ബസും തിരുനെല്ലിക്ക് തീർഥാടനത്തിന് പോയവരുടെ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 62 യാത്രക്കാരാണ് രണ്ട് ബസുകളിലുമായി ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ഒരു ബസിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്‌ചയായി ചേവരമ്പലം ജങ്ഷനിൽ സിഗ്നൽ പ്രവർത്തിക്കുന്നില്ലെന്നും ഇതാണ് അപകട കാരണമെന്നുമാണ് നാട്ടുകാരുടെ ആരോപണം. കൂടാതെ മെഡിക്കല്‍ കോളജ് റോഡിന്‍റെ ഒരു വശത്തായി രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കം നിരവധി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കാഴ്‌ച മറച്ചതാകാം അപകടകാരണമെന്നും സംശയമുണ്ട്. സ്ഥലത്ത് വാഹന ഫൈന്‍ ഈടാക്കാനുള്ള കാമറയുണ്ട് എന്നാല്‍ ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ട്രാഫിക് വിഭാഗം ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.