കോഴിക്കോട് : ചുറ്റുപാടിനെ കാൻവാസിൽ വർണാഭമാക്കിയ ചിത്രകാരൻ പ്രകൃതിയിലേക്കിറങ്ങി വിളവെടുക്കുകയാണ്. ലോക പ്രശസ്ത പെയിൻ്ററായ പാരിസ് മോഹൻകുമാർ തൻ്റെ ജീവിത സമ്പാദ്യമെല്ലാം പ്രകൃതിയിലേക്ക് എറിയുന്നു. വിവിധതരം വിത്തുകളുടെ രൂപത്തിൽ. ഈ സന്ദേശം മുന്നോട്ടുവച്ച് വെറുതെ ഇരിക്കുകയല്ല മോഹൻകുമാർ. മണ്ണിൽ മനസ് നട്ട്, ജൈവഗുണമുള്ള പ്രകൃതിയുടെ വിഭവങ്ങൾ വിളയിച്ച് സഹജീവികൾക്ക് പങ്കുവയ്ക്കുകയാണ് അദ്ദേഹം. 76-ാം വയസിലും അദ്ദേഹത്തിൻ്റെ ചിന്തകൾക്കും ശരീര ഭാഷയ്ക്കും നവയൗവ്വനമാണ്.
ലോക രാജ്യങ്ങളുടെ വിവിധ കോണുകളിൽ പ്രധാനപ്പെട്ട പല സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ചുവരുകൾ അലംകൃതമായിട്ടുള്ളത് മോഹൻകുമാറിൻ്റെ ചിത്രങ്ങളാലാണ്. വിദേശരാജ്യങ്ങളിൽ ഏറ്റവും വലിയ ആരാധകരുള്ള ചിത്രകാരന്മാരിൽ ഒരാളുമാണ് പാരിസ് മോഹൻകുമാർ. നാലുപതിറ്റാണ്ടിലേറെ പാരിസ് നഗരത്തിൽ സ്വതന്ത്ര ചിത്രകാരനായി പ്രവർത്തിച്ച പ്രൗഢിയുമായി വീണ്ടും സ്വദേശത്ത് എത്തുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമാണുള്ളത്. പ്രകൃതിയെ രക്ഷിക്കുക... സമൂഹത്തെ സംരക്ഷിക്കുക.
അരക്ഷിതാവസ്ഥയിൽ നിന്നും ആത്മീയതയിലേക്ക്
സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ഫ്രഞ്ച് കോളനിയായിരുന്ന മാഹി(മയ്യഴി)യിലാണ് മോഹൻകുമാറിന്റെ ജനനം. രണ്ടുവയസുള്ളപ്പോൾ അച്ഛൻ കുഞ്ഞിരാമൻ മരിച്ചു. കമ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. അച്ഛൻ്റെ മരണത്തിന് പിന്നാലെ മോഹൻ്റെ ജീവിതം ദുരിത പൂർണമായി. ആത്മീയതയിലേക്ക് നടക്കാൻ ബാല്യത്തിൽ തന്നെ പ്രേരകമായതും ജീവിതം പഠിച്ചുതുടങ്ങും മുമ്പുള്ള ഈ അരക്ഷിതാവസ്ഥയായിരുന്നു.
വിശ്രമമില്ലാത്ത യാത്രയായിരുന്നു പിന്നീട്. ഹിമാലയ താഴ്വാരത്തിലുള്ള ദയാനന്ദ സരസ്വതി സ്വാമിയുടെ നിരഞ്ജിനി ആഗാൻ എന്ന ആത്മീയകൂടാരത്തിലാണ് യാത്ര മോഹൻകുമാറിനെ എത്തിച്ചത്. ഈ അലച്ചിലിനെല്ലാമിടയിൽ വരകളുടെയും വർണ കൂട്ടുകളുടെയും അത്ഭുതസിദ്ധി മോഹൻകുമാറിലേക്ക് സന്നിവേശിച്ചു. ഗുരുമുഖത്തുനിന്നുള്ള പാഠശേഖരങ്ങളില്ലാതെ ചിത്രരചനയുടെ സ്വന്തം ശൈലിയും സങ്കേതവും കണ്ടെത്തി.
ലോകത്തിന് മുന്നിലെത്തിച്ചത് ചിത്രകല
മനസിൽ തോന്നിയ ഭാവങ്ങൾ യുക്തിഭദ്രമായി കാൻവാസിൽ പകർത്തിയപ്പോൾ ഒരിക്കൽപോലും കരുതിയില്ല, മോഹൻകുമാർ ചിത്രകലാ ലോകത്ത് തന്റേതായ ഒരു ലോകം കെട്ടിപ്പടുക്കുകയാണെന്ന്. ദയാനന്ദ സരസ്വതി സ്വാമിയുടെ അനുഗ്രഹാശിസുകളോടെ നേരെ പോയത് പാരിസ് നഗരത്തിലേക്ക്.
മോഹവില കൊടുത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്വന്തമാക്കാൻ ആളുകൾ കാത്തുനിന്നു. യുനെസ്കോയുടെ അവാർഡ് അടക്കം നിരവധി ബഹുമതികൾ. ഐ.ടി.സി, ഹീറോ, ടി.സി.എസ് അടക്കമുള്ള വൻകിട കമ്പനികൾക്ക് വേണ്ടിയും പ്രമുഖ വ്യവസായ സംരംഭകരായ കാസിനോ ഗ്രൂപ്പ്, ആർ.പി ഗ്രൂപ്പ്, എൽ ആൻഡ് ടി, അൽതിയ, സി.ജി.എച്ച് എർത്ത്, ബാവ ഐഷ,തുടങ്ങിയവർക്ക് വേണ്ടിയും അദ്ദേഹത്തിന്റെ ബ്രഷുകൾ ചിത്രമെഴുതി.
പ്രകൃതിയെ അറിഞ്ഞ ജീവിതം
പ്രകൃതിയെ അറിയുക, ശുദ്ധമായ വെള്ളം, വിഷവസ്തുക്കളുടെ കലർപ്പില്ലാത്ത ഭക്ഷണം ഇതായിരുന്നു അദ്ദേഹത്തിന്റെ മനസിൽ എപ്പോഴും തുളുമ്പിയ ചിന്തകൾ. വയനാട്ടിലെ ആദിവാസി ഗ്രാമങ്ങളിലേക്കുള്ള കടന്നുവരവിന് പ്രേരകമായതും ഇതാണ്. വയനാട്ടിലെ വനപശ്ചാത്തലമുള്ള ഊരുകളിലെ മണ്ണിന് പ്രത്യേക വളക്കൂറുണ്ട്. ഇവിടെ വ്യത്യസ്തമായൊരു കാർഷിക സംസ്കാരത്തിനാണ് മോഹൻകുമാർ തുടക്കമിട്ടത്. ആദിവാസികളുടെ സ്ഥലത്ത് കൃത്രിമത്വം തെല്ലുമില്ലാത്ത വിത്തുകൾ പാകി.
കീടനാശിനികളോ, രാസവളപ്രയോഗമോ ഇല്ലാതെ അവ വിളഞ്ഞു. ഒന്നാം തരം ധാന്യങ്ങളും പഴവർഗങ്ങളും സമൃദ്ധമായി കിട്ടി. പരീക്ഷണം വിജയിച്ചതോടെ പ്രകൃതിക്ക് ഇണങ്ങിയ കൃഷിരീതി വ്യാപകമാക്കി. 200 ഏക്കറോളം സ്ഥലത്താണ് വയനാട്ടിൽ ഇപ്പോൾ കൃഷിയുള്ളത്.
മണ്ണും മരങ്ങളും കൂട്ടിന്
ഇഞ്ചി, മഞ്ഞൾ, നെല്ലി, പപ്പായ തുടങ്ങി വിവിധ വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൂട്ടിന് 12 ഇനത്തിലുള്ള ചീരയും. ശുദ്ധമായ ചെറുതേനാണ് മറ്റൊരു വിഭവം. ഒരു തേനീച്ചയെപ്പോലും നോവിക്കാതെയാണ് തേനെടുക്കുന്നത്. കബനീ നദിയുടെ തീരത്തും വലിയ രീതിയിൽ കൃഷിയുണ്ട്. പരമ്പരാഗത ശൈലിയിലല്ല കൃഷി. കൃത്യമായ നിലമൊരുക്കലില്ല, കൃത്യമായ കാർഷിക കലണ്ടറുമില്ല. അദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'വെറുതെ മണ്ണിൽ വിത്തെറിയുക, വെയിലും മഴയും മഞ്ഞുമെല്ലാം ഏറ്റ് അതങ്ങട് വളരും'.
വയനാട്ടുകാർ തന്നെയാണ് വയനാടിനെ നശിപ്പിക്കുന്നത് എന്നതാണ് മോഹൻ കുമാറിൻ്റെ വാദം. പുറത്തുനിന്നുള്ള കയ്യേറ്റങ്ങൾക്കെതിരെ ആരും പ്രതിഷേധിക്കുന്നില്ല, പ്രതികരിക്കുനില്ല. പച്ചപ്പെല്ലാം വൻകിട പദ്ധതികൾക്കായി വെട്ടിമാറ്റുകയാണ്. വയനാട്ടുകാർക്കും ഇതിനോടാണ് താൽപര്യം. എന്നാൽ ചെറുപ്പക്കാരെ മാറ്റിയെടുക്കാൻ കഴിയും. ആ പ്രതീക്ഷയിലാണ് മണ്ണിലേക്കിറങ്ങിയത്.
വലിയ മാർക്കറ്റിങ് തന്ത്രമൊന്നും വശമില്ലാത്ത മോഹൻകുമാറിന് മുന്നിലേക്ക് കൊച്ചിയിലെ ഒരു കൂട്ടായ്മ എത്തി. കാർഷികോത്പന്നങ്ങൾ ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി മാർക്കറ്റ് ചെയ്യുക. അദ്ദേഹത്തിൻ്റെ വീട്ടുപേരായ 'കാട്ടിൽ' അവിടെയും ഉപയോഗിച്ചു. 'കാട്ടിൽ ആഗ്രോസ്' എന്ന പേരിൽ അച്ചാർ അടക്കമുള്ള ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തുകയാണ്. ലാഭമല്ല, മറിച്ച് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് ജനിച്ചതെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെ തെറ്റിനേയും പച്ചയായി വിമർശിക്കുന്നയാളാണ് മോഹൻകുമാർ. ആ സമയത്തും അടിവരയിട്ട് പറയുന്നു. അന്നത്തെ പോലയല്ല, 'ഇന്ന് കമ്യൂണിസ്റ്റുകൾക്ക് വിലയുണ്ട്. സിപിഎമ്മിൻ്റെ സഹായമില്ലാതെ ഇവിടെ ഒന്നും നടത്തി വിജയിപ്പിക്കാൻ പറ്റില്ല'.