കോഴിക്കോട്: ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ് ശ്രീജിത്തിന്‍റെ സ്ഥാന മാറ്റത്തിൽ ഡബ്ല്യു.സി.സി ഉന്നയിക്കുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി. പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ മാറ്റുന്നത് പതിവ് കാര്യം മാത്രമാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.
എസ് ശ്രീജിത്ത് നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനല്ല, മേൽനോട്ട ചുമതലക്കാരനാണ്. സ്ഥാനമാറ്റം വിവാദമാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും പി സതീദേവി പറഞ്ഞു.അന്വേഷണ തലവനെ മാറ്റുന്നത് സിനിമകളിലെ സ്ഥിരം ആന്‍റി ക്ലൈമാക്സ് പോലെ നിരാശജനകമാണെന്നായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.
എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്നതാണ് അഴിച്ചുപണി. പ്രതിഭാഗം വക്കീലന്മാരുടെ ആവശ്യം അനുസരിച്ചാണ് അന്വേഷണ തലവനെ മാറ്റിയെന്നും ഡബ്ല്യുസിസി ആരോപിച്ചിരുന്നു.