കോഴിക്കോട്: പ്രളയത്തെ അതിജീവിച്ച് കരനെൽകൃഷിക്ക് നൂറുമേനി വിളവ്. കാവേരി സംഘകൃഷി കൂട്ടായ്‌മയാണ് മാവൂരിലെ ചെറൂപ്പ ചെട്ടിച്ചലത്ത് 2.35 ഏക്കർ സ്ഥലത്ത് കൃഷി ചെയ്‌ത് നൂറുമേനി വിളവെടുത്തത്. കൃഷി ഭവനിൽ നിന്നും ലഭിച്ച ഉമ നെല്‍വിത്താണ് ഉപയോഗിച്ചത്. വിത്തിന് പുറമെ ആവശ്യമായ സഹായവും കൃഷിഭവനില്‍ നിന്നും ലഭിച്ചു.
പ്രളയത്തിൽ മൂന്ന് ദിവസം പ്രദേശം വെള്ളത്തിനടിയിലായതിനാല്‍ കൃഷി നശിക്കുമെന്ന ആശങ്കയിലായിരുന്നു കുടുംബശ്രീ കൂട്ടായ്മ. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി നെല്ല് വിളവെടുത്തു. സംഘകൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ തൊട്ടടുത്ത പറമ്പിൽ ചേന, ചേമ്പ്, മഞ്ഞൾ എന്നിവയും കൃഷി ചെയ്‌തിട്ടുണ്ട്. പറമ്പിൽ വച്ചുതന്നെ കറ്റ മെതിച്ച് നെല്ലാക്കി വിൽപന നടത്തുന്ന തിരക്കിലാണ് കൂട്ടായ്‌മയിലെ അംഗങ്ങൾ.