കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരാൾ കൂടി ചാടിപ്പോയി. ഇന്ന് (22/02/22) രാവിലെയാണ് ഐസൊലേഷൻ വാർഡിൽ നിന്ന് 24 കാരൻ രക്ഷപ്പെട്ടത്. ഒരാഴ്‌ചക്കിടെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോകുന്ന അഞ്ചാമത്തെ അന്തേവാസിയാണിത്.
കഴിഞ്ഞ ദിവസം ചാടിപ്പോയ രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകവും, പിന്നാലെ ഇവിടെ നിന്ന് അന്തേവാസികൾ ചാടിപ്പോകുന്നതും പതിവായ സാഹചര്യത്തിൽ ഹൈക്കോടതി സുരക്ഷ വർധിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഇന്നലെയാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
പിന്നാലെ വീണ്ടും ഒരാൾ കൂടി ചാടിപ്പോയത് ആരോഗ്യ കേന്ദ്രത്തിന്‍റെ സുരക്ഷാപ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ വെളിവാക്കുന്നു. ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ചും ഭിത്തി തുരന്നും ഓട് പൊളിച്ചുമെല്ലാം അന്തേവാസികൾ കുതിരവട്ടത്ത് നിന്ന് പുറത്തുകടക്കുകയാണ്. ഇവർക്ക് പിന്നാലെ നിരന്തരം ഓടേണ്ട സാഹചര്യത്തിലാണ് പൊലീസും.
also read: ബാലഗ്രാമിൽ ഇത്തവണയും അത്ഭുത മാവ് പൂത്തു; ഒരു മാവില്‍ രണ്ട് രുചിയിലും നിറത്തിലുമുള്ള മാമ്പഴം
രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികൾ.