കോഴിക്കോട് : Olive Ridley lay eggs at Kolavi : കടലമാകളുടെ ഈറ്റില്ലമാണ് കൊളാവിപ്പാലം കടൽ തീരം. ഒരിടവേളയ്ക്കുശേഷം മുട്ടയിടാൻ കടലാമയെത്തിയതോടെ തീരം സംരക്ഷക സമിതിയും സജീവമായി. കഴിഞ്ഞ ദിവസം രാത്രിയാണ് വടകര സാൻഡ്ബാങ്ക്സിന് സമീപം ഒരാൾക്കൂട്ടം തീരദേശ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഓഫിസർ മോനി കിഷോർ നോക്കിയപ്പോൾ കടലാമ മുട്ടയിടാൻ കുഴിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു
സ്ഥലത്തെത്തിയ എസ്ഐയും കോസ്റ്റൽ വാർഡനും ചേർന്ന് ആളുകളെ മാറ്റി ആമയ്ക്ക് സൗകര്യമൊരുക്കി. കടലാമ സംരക്ഷകരായ തീരം–പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ എത്തി 126 മുട്ടകൾ ശേഖരിച്ച് കൊളാവിപ്പാലം തീരത്തെ ഹാച്ചറിയിൽ വിരിയിക്കാനായി നിക്ഷേപിച്ചു.
ആമകളെത്തുന്ന് വേലിയേറ്റത്തിനും ഇറക്കത്തിനും ഇടയില്‍
രാത്രികാലങ്ങളിൽ വേലിയേറ്റത്തിനും വേലിയിറക്കിത്തിനും ഇടയിലുള്ള വേളയിലാണ് ആമകൾ മുട്ടയിടാൻ കരയിൽ കയറുന്നത്. ഒറ്റയ്ക്കൊറ്റക്കാണ് ഇവയുടെ വരവ്. വേലിയേറ്റ സമയത്ത് വെള്ളം കയറാത്ത ദൂരത്താണ് ഇവ മുട്ടയിടുക. ആദ്യം പിൻ കാലുകൾ ഉപയോഗിച്ച് മണൽ ചികഞ്ഞ് മാറ്റും.
ഇങ്ങനെ രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലിൽ കുഴിയുണ്ടാക്കും. ഇതിൽ ഒരാമ 60 മുതൽ 150 മുട്ടകൾ വരെയിടും. അതുകഴിഞ്ഞ് കുഴി മൂടും. മുട്ടയിട്ടതിന്റെ യാതൊരു ലക്ഷണവും പുറമേ കാണാതിരിക്കാൻ ശരീരം അമർത്തി മണലുറപ്പിക്കും. അതുകഴിഞ്ഞാൽ കടലിലേക്ക് മടങ്ങും.
മനുഷ്യര്‍ക്കൊപ്പം കീരിയും കുറുക്കനും വില്ലന്മാര്‍
ഈ മുട്ടകൾ കുഴിയിൽ കിടന്നാൽ കുറുക്കനും കീരിയും എത്തി അകത്താക്കും. ഇത് തടയാൻ കൊളാവിപ്പാലത്ത് പരിസ്ഥിതി സ്നേഹികൾ രൂപീകരിച്ച കൂട്ടായ്മയാണ് തീരം സംരക്ഷണ സമിതി. ഇവർ ശേഖരിക്കുന്ന മുട്ടകൾ ഹാച്ചറികളിൽ എത്തിച്ചാണ് വിരിയിക്കുന്നത്. തീരത്തെ മണൽ പരപ്പുതന്നെയാണ് കെട്ടിത്തിരിച്ച് ഹാച്ചറിയാക്കുന്നത്. ഇവിടെ രണ്ടടി ആഴത്തിലും ചുറ്റളവിലും കുഴിയുണ്ടാക്കി മുട്ടകൾ അതിൽ നിക്ഷേപിക്കും. 45 മുതൽ 60 ദിവസത്തിനകം സൂര്യതാപമേറ്റ് മുട്ടകൾ വിരിയും.
Also Read: കടലാമകള്‍ക്ക് കടലിന്‍റെ മക്കള്‍ തുണയായി
ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ് ആമകൾ മുട്ടയിടാൻ കടൽ താണ്ടി ഇവിടെയെത്തുന്നത്. ലോകത്തെ എട്ട് തരം കടലാമകളിൽ ഏറ്റവും ചെറുതായ ‘ഒലിവ് റിഡ്‌ലി’ (Olive ridley sea turtle) വിഭാഗത്തിൽപെട്ട ആമകളാണ് പതിവായി ഇവിടെ എത്തിയിരുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന് 50 ഗ്രാം ഭാരവും 5 സെന്‍റീമീറ്റർ നീളവുമുണ്ടാകും. പ്രായപൂർത്തിയാകുന്നതോടെ അത് ഒരു മീറ്റർ നീളവും 80 കിലോ ഭാരവുമാകും. മുട്ടകൾ വിരിയിക്കുന്നതിന് പുറമെ അപകടത്തിൽപ്പെടുന്ന കടലാമകളുടെ സംരക്ഷണ കേന്ദ്രം കൂടിയാണിത്.
അപകടം പറ്റിയ ആമകള്‍ക്കും സംരക്ഷണം
ബോട്ടിന്‍റെ പ്രൊപ്പല്ലർ തട്ടി കൈ നഷ്ടപ്പെട്ട കടലാമകളെയടക്കം ഇവിടെ സംരക്ഷിക്കാറുണ്ട്. മത്സ്യബന്ധന വലയിൽ കുടുങ്ങിയും അപകടം സംഭവിക്കും. ഇതുപോലെ പല തരത്തിലുള്ള അപകടങ്ങളിൽപ്പെടുന്ന ആമകൾ ഈ കേന്ദ്രത്തിൽ എത്താറുണ്ട്. ആവശ്യമായ ഭക്ഷണവും ശുശ്രൂഷയും നൽകി ആരോഗ്യം വീണ്ടെടുക്കുന്നതോടെ ആമകളെ തീര സംരക്ഷകർ കടലിലേക്ക് തന്നെ തുറന്നുവിടും.
മത്സ്യത്തൊഴിലാളികൾ ചേർന്ന് 1992ലാണ് കടലാമ സംരക്ഷണത്തിനായി ഒരു സമിതി രൂപീകരിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധയാകർഷിച്ചതോടെ 1998 ൽ വനം വകുപ്പ് സഹായവുമായെത്തി. തീരം പ്രവർത്തകർക്ക് ദിവസ വേതനം നൽകാൻ ഫണ്ട് നീക്കിവച്ചു. സീസണിൽ 65 ആമകൾ വരെ ആ കാലത്ത് ഇവിടെ മുട്ടയിടാൻ എത്തിയിരുന്നു.
Also Read: വലയിൽ കുരുങ്ങിയ കടലാമകൾക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികൾ
പക്ഷേ അനിയന്ത്രിതമായ മണലെടുപ്പും തുടർന്നുണ്ടായ കടലാക്രമണവും തീരത്തെ മാറ്റി മറിച്ചു. കടൽഭിത്തി കൂടി വന്നതോടെ തീരം ഇല്ലാതായി. അതോടെ ആമകളുടെ വരവ് തീരെ കുറഞ്ഞു. തീരം പ്രവർത്തകർക്ക് നൽകിയിരുന്ന ദിവസ വേതനവും നിലച്ചതോടെ കടലാമ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടി.
സംരക്ഷണത്തിന് സര്‍ക്കാര്‍ സഹായം വേണമെന്ന് ആവശ്യം
സർക്കാർ ധനനിക്ഷേപം നടത്തിയാൽ ഈ കേന്ദ്രത്തെ പൂർവസ്ഥിതിയിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയുമെന്നാണ് തീരം പ്രവർത്തകർ പങ്കുവയ്ക്കുന്ന പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് കഴിഞ്ഞ വർഷം ഇവിടെ ഒരു പ്രവർത്തനവും നടന്നിരുന്നില്ല.
കടലാമ മുട്ടകൾ വീണ്ടും ഹാച്ചറിയിൽ എത്തിയതോടെ വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി. സംരക്ഷണ കേന്ദ്രത്തിന്‍റെ ഹാച്ചറിയിൽ മണൽ ചൂടേറ്റ് കിടക്കുന്ന കടലാമ മുട്ടകൾക്ക് കാവലായി തീരം സംരക്ഷകര്‍ എന്നും ഇവിടെയുണ്ട്. ഇവരെ സഹായിക്കാനും കൊളാവിപ്പാലം പ്രദേശത്തിന്‍റെ ആമപ്പെരുമ വീണ്ടെടുക്കാനും സർക്കാർ കനിയുമെന്ന പ്രതീക്ഷയോടെ.