കോഴിക്കോട് : വിദ്യാർഥിനികൾക്കും മുതിര്‍ന്ന സ്‌ത്രീകള്‍ക്കും അജ്ഞാത ഫോൺ നമ്പറിൽ നിന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശങ്ങളും ഭീഷണിയും അയച്ചതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നിലെ വനിതകള്‍ക്കാണ് ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്.
മെസേജുകൾക്ക് മറുപടിയും ഫോട്ടോയും അയയ്ക്കാത്തതിനെ തുടര്‍ന്നാണ് ഭീഷണി. ശനിയാഴ്ച രാവിലെയാണ് ആനയാംകുന്ന് ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനിയ്‌ക്ക് ആദ്യം വാട്ട്സ് ആപ്പിലൂടെ സന്ദേശംവന്നത്. പിന്നീട്, ഈ കുട്ടിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി നിരവധി പെണ്‍കുട്ടികള്‍ക്ക് മെസേജ് അയച്ചതായും കണ്ടെത്തി.
ALSO READ: ക്രിസ്ത്യന്‍ വിഭാഗങ്ങളും മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ
കൂട്ടുകാരികൾ തന്നെ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസേജുകൾ അയക്കുന്നത് താനല്ലെന്ന് വിളിച്ച് പറഞ്ഞതായും വിദ്യാര്‍ഥിനി വിശദീകരിച്ചു. കുട്ടിയുടെ സുഹൃദ്‌വലയത്തിലെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ മെസേജ് വന്നത്.
അവരുടെ ഫോട്ടോയും ഫോൺ നമ്പറും ശേഖരിച്ചുവെന്നും 10-ാം ക്ലാസുകാരി പറഞ്ഞു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ ആനയാംകുന്ന് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ സ്ത്രീക്ക് വീഡിയോ കോൾ വന്നതായി മറ്റൊരു പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ സന്ദേശം ലഭിച്ചവര്‍ മുക്കം പൊലീസിലും സൈബർസെല്ലിലും പരാതി നൽകി.