കോഴിക്കോട് : കനത്ത മഴയിലും കേറിക്കിടക്കാൻ ഒരു കൂരയില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തറിമറ്റം ഇരുമ്പൻചീടാം കുന്നത്ത് ആനന്ദനും ഭാര്യ ലക്ഷ്മിയും. സർക്കാരിന്‍റെ സഹായത്താൽ ലഭിച്ച അഞ്ച് സെന്‍റ് സ്ഥലത്താണിപ്പോൾ ഇവരുടെ താമസം. ലഭിച്ച സ്ഥലമാകട്ടെ ചതുപ്പ് നിലവും. വീട് നിർമാണത്തിന് സഹായം ലഭിച്ചിരുന്നു. തറയ്ക്കും ചുമർനിർമാണത്തിനുമായി ലഭിച്ച തുക തറയുടെ നിർമാണത്തിന് പോലും തികഞ്ഞില്ല. സ്ഥലം ചതുപ്പ് നിലമായതിനാൽ തറകെട്ടുന്നതിനായി സാധനസാമിഗ്രികൾക്ക് ഭീമമായ തുക ചിലവുവരുന്നു. ഇന്നിപ്പോൾ ഈ തറയ്ക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ഷീറ്റുകളും വലിച്ചുകെട്ടിയാണ് ഇവർ കഴിയുന്നത്.
കൂടുതൽ വായനക്ക്:ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്, ധനവകുപ്പ് ബാലഗോപാലിന്; മന്ത്രിമാര്‍ ഇവരൊക്കെ
മഴ കനത്തതോടെ ഇവരുടെ ദുരിതവും ഇരട്ടിച്ചു. ചോർച്ചയ്ക്ക് പുറമെ കാറ്റിൽ ഷീറ്റുകൾ പറന്ന് പോവുന്നതും നിത്യസംഭവമാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന കിറ്റുകളും മറ്റുമാണ് ഇവരുടെ ആശ്രയം. എപിഎൽ കാർഡ് ആയതിനാൽ തുച്ഛമായ റേഷനാണ് ഇവർക്ക് ലഭിക്കുന്നതും. 65 വയസായ ആനന്തന് ഇടത് കണ്ണിന്‍റെ കാഴ്‌ച്ച പൂർണമായും നഷ്‌ടപ്പെട്ടതാണ്. ലക്ഷ്‌മിയ്ക്കാകട്ടെ ഹൃദയ സംബന്ധമായ അസുഖങ്ങളും. കുടുംബത്തിന്‍റെ ആകെയുള്ള പ്രതീക്ഷയായിരുന്ന മകനാവട്ടെ കർണാടകയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലുമാണ്. ഈ ദുരിതകയത്തിൽ നിന്നും രക്ഷനേടാൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.