കോഴിക്കോട് : നിപ സ്ഥിരീകരിച്ച ചാത്തമംഗലത്ത് വൈറസ് ബാധ കണ്ടെത്താനായില്ലെന്ന് ആരോഗ്യവകുപ്പ്. പ്രദേശത്തെ പഴങ്ങളിലും മറ്റും നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.
റംബൂട്ടാൻ, അടയ്ക്ക എന്നിവയുടെ സാമ്പിൾ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഫലം പുറത്തുവിട്ടത്. ചാത്തമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്.
സെപ്റ്റംബര്‍ അഞ്ചിനാണ് 12 കാരനായ വിദ്യാര്‍ഥി നിപ വൈറസ് ബാധിച്ച് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇതിനിടെ കുട്ടിയുടെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ശ്രവം പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് നിപ വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറസ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിശദമായ പഠനം നടത്തിയിരുന്നു.
കൂടുതല്‍ വായനക്ക്: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം : കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍
നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്രസംഘവും പ്രദേശത്ത് സന്ദര്‍ശനം നടത്തി. റംബൂട്ടാന്‍ പഴത്തില്‍ നിന്നാണ് കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. കുട്ടി ആടിനെ മേയ്ക്കാന്‍ പോകാറുള്ളതായും പ്രദേശത്ത് വവ്വാലിന്‍റെ സാന്നിധ്യം കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പഴങ്ങളിലും മൃഗങ്ങളിലും പക്ഷികളിലും അടക്കം വിദഗ്‌ധര്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചത്. അതിനിടെ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള എല്ലാവരുടെയും പരിശോധാനാഫലം നെഗറ്റീവായിരുന്നു.
കൂടാതെ ഇതുവരെ മൃഗങ്ങളുടെ ഫലവും നെഗറ്റീവാണ്. കാട്ടുപന്നിയുടെ ശ്രവത്തിന്‍റെ ഫലമാണ് ഇനി ലഭ്യമാകാനുള്ളത്. അതും കൂടി നെഗറ്റീവായാല്‍ നിപയുടെ ഉറവിടം എവിടെ നിന്നാണെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരും.