കോഴിക്കോട് : ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത 2 മരണങ്ങള്‍ നിപ ബാധയെത്തുടര്‍ന്നെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്രവ സാമ്പിള്‍ പരിശോധനയില്‍ സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. നാലംഗ കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തും. ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്.
49 കാരനായ മരുതോങ്കര സ്വദേശിയും, 40 കാരനായ ആയഞ്ചേരി സ്വദേശിയുമാണ് മരിച്ചത്. ഇരുവരും കാവിലുംപാറയിലെ ഇഖ്‌റ ആശുപത്രിയില്‍ ഒരേസമയം എത്തിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യം മരണമടഞ്ഞ മരുതോങ്കര സ്വദേശിയായ 49 കാരൻ്റെ 5, 9 വയസുകളിലുള്ള രണ്ട് മക്കളും ബന്ധുക്കളായ 22കാരനും ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമാണ് നിലവിൽ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മരുതോങ്കര - കള്ളാട്, ആയഞ്ചേരി - മംഗലാട് എന്നിവിടങ്ങളിലെ 5 കിലോമീറ്റർ പ്രദേശം അടച്ചിടും.
പ്രവാസിയായ മരുതോങ്കര സ്വദേശി 49കാരൻ ഓഗസ്റ്റ് 20നാണ് കാവിലുംപാറയിലെ തൻ്റെ പറമ്പിൽ പോയി വന്നത്. 22 ന് ഇദ്ദേഹത്തിന് ചുമ തുടങ്ങി. ഇതോടെ കുറ്റ്യാടിയിലെ ക്ലിനിക്കിൽ ചികിത്സ തേടി. എന്നാല്‍ 25 ന് രോഗം കലശലായി. ഇതോടെയാണ് കാവിലുംപാറയിലെ ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടുന്നത്. അന്ന് രാത്രി തന്നെ ഇയാളെ കോഴിക്കോട് ഇഖ്റയിലേക്ക് മാറ്റി. 30 ന് പുലർച്ചെ മരണം സംഭവിച്ചു.
അതേസമയം, ആയഞ്ചേരി സ്വദേശിയായ 40കാരൻ ആദ്യത്തെ രോഗി ചികിത്സയിൽ കഴിഞ്ഞ ദിവസം കാവിലുംപാറയിലെ ആശുപത്രിയിൽ ഭാര്യാപിതാവിനൊപ്പം പോയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഇയാൾക്കും ചുമയും പനിയും അനുഭവപ്പെട്ടു. ആയഞ്ചേരി പിഎച്ച്സിയിലും വില്യാപ്പള്ളി എസ്.എച്ച്.സിയിലും ചികിത്സ തേടി. പിന്നീടാണ് വടകരയിലെ ക്ലിനിക്കിൽ ചികിത്സ തേടിയത്.
അവിടെ നിന്ന് രോഗം കലശലായതോടെ കോഴിക്കോട് മിംസിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് മരിച്ചു.ഇവരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട 75 പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡുകളും സജ്ജമാക്കി.
കണ്‍ട്രോള്‍ റൂം : നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ജില്ലയിൽ ജാഗ്രത പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യമന്ത്രി നേരിട്ടെത്തി നടത്തിയ യോഗം കണ്‍ട്രോള്‍ റൂം തുറക്കാനും ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കാനും തീരുമാനിക്കുകയായിരുന്നു.
2021ൽ പുറത്തിറക്കിയ പ്രോട്ടോക്കോൾ നടപടികൾ സ്വീകരിച്ചാണ് പ്രവര്‍ത്തനം. 16 ടീമുകൾ രൂപീകരിച്ച് ചുമതലകൾ നൽകിയെന്നും മന്ത്രി അറിയിച്ചു.75 ആളുകളാണ് സമ്പർക്ക പട്ടികയിലുള്ളത്. എല്ലാ ഹോസ്‌പിറ്റലുകളിലും ഇൻഫെക്ഷൻ കൺട്രോൾ റൂം തുറന്ന് പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഹൈ റിസ്‌ക് കോൺടാക്റ്റ് ഉള്ളവർ ഐസൊലേഷനിൽ കഴിയണം. സെക്കൻഡറി കോൺടാക്റ്റ് ഉള്ളവർ വീടുകളിലും ഐസൊലേഷനിൽ കഴിയണം. രോഗികളെ കാണാനുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു.