കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് യുവജന പ്രസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യയിലെ യുവതലമുറ ആദരവോടെ, അച്ചടക്കത്തോടെ പറയും അത് എൻ.സി.സിയാണെന്ന് (National Cadet Corps). സൈന്യത്തിലേക്ക് തൊഴില്‍ തേടുന്നവരും അച്ചടക്കവും ആരോഗ്യവുമുള്ള സമൂഹം ആഗ്രഹിക്കുന്നവരുമായ യുവാക്കൾ എൻസിസിയെ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. പക്ഷേ എൻസിസിയെ സംബന്ധിച്ച് കാര്യങ്ങൾ ഇപ്പോൾ അത്ര സുഖകരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 2022 നവംബർ 22ന് എഴുപത്തിനാലാം സ്ഥാപകദിനം ആചരിക്കുമ്പോൾ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അവഗണനയില്‍ ശ്വാസം മുട്ടുകയാണ് ലോകത്തെ ഏറ്റവും വലിയ യൂണിഫോംഡ് യുവജന പ്രസ്ഥാനം.
രാജ്യത്തുടനീളം ഓരോ വർഷവും 15 ലക്ഷത്തിനടുത്ത് കേഡറ്റുകളാണ് എൻ.സി.സിയുടെ ഭാഗമാകുന്നത്. കേരളത്തില്‍ ഈ കണക്ക് ഒരു ലക്ഷത്തിനടുത്താണ്. തുടക്കകാലത്ത് എല്ലാ കേഡറ്റുകൾക്കും ഫുൾ യൂണിഫോം കിറ്റ് ലഭിക്കുമായിരുന്നു. എന്നാൽ ആർമി തലത്തിലുള്ള ടെൻഡറുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നതോടെ യൂണിഫോം കിറ്റ് എന്ന പരിപാടി അവസാനിച്ചു. പിന്നാലെ, കിറ്റ് മുഴുവനായി കുട്ടികൾക്ക് തന്നെ വാങ്ങാവുന്ന രീതിയിൽ 3800 രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. എന്നാൽ സ്‌കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ അപാകതകൾ പറഞ്ഞ് ആ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു.
റെയ്‌മെയ്‌ഡായി വന്ന യൂണിഫോമുകൾ പല കുട്ടികൾക്കും പാകമല്ല എന്ന പരാതിയെ തുടർന്ന് പിന്നീട് തുണിവിതരണത്തിലേക്ക് ഒതുങ്ങി. തുന്നൽ കൂലിയായി രണ്ട് ജോഡി ഡ്രസ്സിന് 698 രൂപ ഓരോ കുട്ടിയുടേയും അക്കൗണ്ടിലേക്ക് വരും എന്നാണ് പറയപ്പെടുന്നത്. എന്നാൽ അത് സമയത്ത് ലഭിക്കാറില്ല. തുക വന്നാൽ തന്നെ തികയാത്ത അവസ്ഥ. കേഡറ്റിന് ഏറ്റവും അത്യാവശ്യമായ ബൂട്ട് അടക്കം കിറ്റിലെ മറ്റ് വസ്‌തുക്കളും പൂർണമായി ലഭിക്കാറില്ല. ബറ്റാലിയനില്‍ കമാന്‍റിങ് ഓഫിസറായി എത്തുന്ന ഉദ്യോഗസ്ഥർ പ്രദേശത്തെയും ട്രൂപ്പിനെ കുറിച്ച് പഠിച്ചു വരുമ്പോഴേക്കും സ്ഥലം മാറ്റുന്നതും കൂടിയാകുമ്പോൾ കാര്യങ്ങൾ കുഴഞ്ഞുമറിയും.
അഗ്നിപഥ് പ്രഖ്യാപനം വന്നതോടെ എൻ.എൻ.സിക്ക് പ്രസക്തിയില്ല എന്ന തരത്തിലാണ് കേന്ദ്ര സർക്കാർ നീക്കമെന്നാണ് ഈ മേഖലയിലെ വിദഗ്‌ധർ ആശങ്കപ്പെടുന്നത്.
യൂണിഫോം തയ്യലിനും ബൂട്ട് അടക്കമുള്ള അനുബന്ധ സാധനങ്ങളും വാങ്ങിക്കാൻ രക്ഷിതാവിന്‍റെ പക്കൽ നിന്നും രണ്ടായിരം രൂപ വരെ വാങ്ങാൻ ചില സ്‌കൂളുകളിൽ നിർദേശം നൽകിയിട്ടുണ്ടെന്നാണ് ഇടിവി ഭാരത് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. കേഡറ്റുകൾക്ക് ആവശ്യമായ വസ്‌തുക്കൾ സ്വകാര്യ കമ്പനി എത്തിച്ച് നൽകുമെന്ന് ട്രൂപ്പിന്‍റെ ചുമതലയുള്ള അധ്യാപകൻ (എ.എൻ.ഒ) രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഈ തരത്തിൽ ഒരു ഉത്തരവും നൽകിയിട്ടില്ല എന്നാണ് എൻസിസി ഹെഡ്‌ക്വാർട്ടേഴ്‌സിൽ നിന്ന് ലഭിക്കുന്ന മറുപടി. അതേസമയം, കുട്ടികൾക്ക് ആവശ്യമായ എല്ലാ വസ്‌തുക്കളും ലഭിക്കുമോ എന്ന കാര്യത്തിൽ കൃത്യമായ ഉത്തരം ഹെഡ്‌ക്വാർട്ടേഴ്‌സില്‍ നിന്നും ലഭ്യമല്ല.
ദരിദ്ര കുടുംബങ്ങളില്‍ നിന്ന് പ്രതീക്ഷയോടെ എൻസിസിയില്‍ ചേരുന്ന കുട്ടികളോട് യൂണിഫോമിനും കിറ്റിനും പണം ചോദിക്കാൻ തുടങ്ങിയാല്‍ വിദ്യാർഥികൾ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എട്ടാം ക്ലാസ് മുതലാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വിദ്യാലയങ്ങളിൽ എൻ.സി.സി സെലക്ഷൻ നടക്കുന്നത്. ഇത് ജൂണിൽ തുടങ്ങി ജൂലൈ അവസാനം പരിശീലനം തുടങ്ങും. പരേഡ് ആരംഭിച്ചാൽ യൂണിഫോം നിർബന്ധമാണ്. ശാരീരിക ക്ഷമത നിലനിർത്താൻ ബൂട്ട് അത്യാവശ്യവും. നിലവിലെ അവസ്ഥയില്‍ മിക്ക വിദ്യാർഥികളും സ്വന്തം നിലയില്‍ ഇതെല്ലാം കണ്ടെത്തേണ്ട സാഹചര്യമാണ്.
സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്‍റ് അഗ്നിപഥ് പദ്ധതിയുടെ ഭാഗമാക്കുന്നത് എൻസിസിയെ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് ലക്ഷക്കണക്കിന് എൻസിസി കേഡറ്റുകളും രക്ഷിതാക്കളും.