കോട്ടയം: ചലച്ചിത്ര പുരസ്‌കാരം, കോട്ടയത്തെ മറ്റക്കരയെന്ന കൊച്ചുഗ്രാമത്തിലേക്ക് വീണ്ടുമെത്തിച്ച് ഛായാഗ്രാഹകന്‍ നിഖിൽ എസ് പ്രവീണ്‍. സംവിധായകന്‍ ജയരാജിന്‍റെ 'ശബ്‌ദിക്കുന്ന കലപ്പ' എന്ന ചിത്രത്തിലൂടെയാണ് നിഖില്‍ 2020 ലെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഈ യുവകലാകാരന്‍ മികച്ച ഛായാഗ്രാഹകനുള്ള അംഗീകാരം നേടുന്നത്.
പൊൻകുന്നം വർക്കിയുടെ 'ശബ്‌ദിക്കുന്ന കലപ്പ' എന്ന ചെറുകഥ അതേ പേരില്‍ തന്നെ ജയരാജ് ചലച്ചിത്രമാക്കുകയായിരുന്നു. സാമൂഹിക പ്രതിബന്ധതയുളള നല്ല ചിത്രങ്ങൾ ചെയ്യാനാന്‍ ഇഷ്‌ടമുള്ള നിഖിലിന് കിട്ടിയ നല്ലൊരു അവസരമായിരുന്നു 'ശബ്‌ദിക്കുന്ന കലപ്പ. ജയരാജ് സംവിധാനം ചെയ്‌ത 'ഭയാനകം' എന്ന സിനിമയിലൂടെയാണ് 2017ൽ നിഖില്‍ ആദ്യമായി ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം, അതേ സംവിധായകന്‍റെ ചിത്രത്തിലൂടെ തന്നെ വീണ്ടുമൊരു പുരസ്‌കാരം കൈവന്നിരിക്കുകയാണ്.
ആദ്യ ചിത്രം 'ക്വട്ടേഷനി'ലും ജയരാജ് ടച്ച്: ഒൻപത് സംവിധായകർ ചേർന്ന് അണിയിച്ചൊരുക്കിയ 'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയില്‍ പ്രദീപ് നായര്‍ സംവിധാനം ചെയ്‌ത 'ക്വട്ടേഷന്‍' ആണ് നിഖിലിന്‍റെ ആദ്യ ചിത്രം. യാദൃശ്ചികമാണെങ്കിലും ആ ചിത്രത്തിന്‍റെ കഥയും ജയരാജിന്‍റേത് ആയിരുന്നു. സാധാരണഗതിയിലുള്ള വെളിച്ചം പരമാവധി ഉപയോഗപ്പെടുത്തിയാണ് ജയരാജ് സിനിമകള്‍ ഒരുക്കാറുള്ളത്.
'അവെയ്‌ലബിള്‍ ലൈറ്റ്' എന്നും വിശേഷിപ്പിക്കുന്ന ഇതിനെ എല്ലാ ഷോട്ടുകളിലും പരീക്ഷിച്ചാണ് നിഖില്‍ രണ്ടാമതും ദേശീയ പുരസ്‌കാരം കൈവരിച്ചത്. കർഷകന്‍റെയും കാളയുടെയും കഥ പറയുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള 'ശബ്‌ദിക്കുന്ന കലപ്പ'യിലെ എല്ലാ ഷോട്ടുകളും ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്നതാണ്. സുരേഷ് ഗോപി നായകനായ ‘കാവൽ’, 'ഫ്രീഡം ഫൈറ്റ്' എന്നിവയാണ് നിഖില്‍ ഛായാഗ്രഹണം ചെയ്‌ത് അടുത്തിടെ ഇറങ്ങിയ സിനിമകള്‍.
ലഭിച്ചത് നിരവധി പുരസ്‌കാരങ്ങള്‍: സംവിധായകരായ ലെനിൻ രാജേന്ദ്രൻ, ജോഷി മാത്യു, നിതിൻ രഞ്ജി പണിക്കർ, നിഷാദ് തുടങ്ങിവരുടെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസില്‍ പ്ലസ് ടുവിന് ശേഷം കൊച്ചിന്‍ മീഡിയ സ്‌കൂളില്‍ നിന്നും 2011 ല്‍ സിനിമാറ്റോഗ്രഫി പഠനം പൂര്‍ത്തിയാക്കി. സിനിമയിലും സ്റ്റിൽ ഫോട്ടോഗ്രഫിയിലും സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് ആദ്യ ദേശീയ പുരസ്‌കാരം.
രണ്ടാമത് അവാർഡ് നേടുന്നതിനിടെ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ, ബീജിങ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം എന്നിവയില്‍ ഉൾപ്പെടെ മികച്ച സിനിമ ഛായാഗ്രാഹകനുള്ള പുരസ്‌കാരങ്ങളും നിഖിലിനെ തേടിയെത്തിയിരുന്നു. സംവിധാനം ചെയ്യാന്‍ ഇഷ്‌ടമാണെങ്കിലും സ്വന്തം ക്യാമറ ചലിപ്പിക്കുന്ന സിനിമയ്‌ക്കാവണം എന്നാണ് ഈ യുവകലാകാരന്‍റെ ആഗ്രഹം. മറ്റക്കര മണലേല്‍ തൈപ്പറമ്പില്‍ എന്‍.ഡി ശിവന്‍റെയും സലിലയുടെയും രണ്ടാമത്തെ മകനാണ്. ഷപ്‌നയാണ് ഭാര്യ. ജേഷ്‌ഠന്‍ അഖിൽ, സൗണ്ട് എന്‍ജിനീയറാണ്.
ALSO READ| മലയാളികള്‍ തിളങ്ങിയ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം: പൂര്‍ണ പട്ടിക പുറത്ത്